സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ശിവസേന ഗവർണറെ കാണും; എൻസിപിയുടെ പിന്തുണ ലഭിച്ചേക്കും

മുംബൈ: പ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് മുൻകൈയ്യെടുത്ത് ശിവസേന. ബിജെപി-ശിവസേന തർക്കം അവസാനിച്ചില്ലെങ്കിലും ഭരണത്തിലേറാൻ മറ്റുവഴികൾ തേടുകയാണ് ശിവസേന എന്നാണ് സൂചന. മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും സംഘവുമാണ് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ഇന്ന് ഗവർണർ ഭഗത് സിങ് കോശ്യാരിയെ സന്ദർശിക്കുക. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് റാവത്തും സംഘവും ഗവർണറെ കാണാൻ സമയം വാങ്ങിയതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു
.
ഗവർണറെ കാണുന്ന കാര്യം സഞ്ജയ് റാവത്തും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിക്കുമെന്നും റാവത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം ആദ്യത്തെ രണ്ടര വർഷം ശിവസേനയ്ക്ക് ലഭിക്കണമെന്നാണ് പാർട്ടി നിലപാട് എന്നാൽ, നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ബിജെപിയുടെ നയം.

അതിനിടയിൽ എൻസിപി അധ്യക്ഷൻ ശരദ് പവർ തനിക്ക് സഞ്ജയ് റാവത്ത് സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ആദ്യമായാണ് സഞ്ജയ് തനിക്ക് സന്ദേശം അയച്ചതെന്നും എന്തിനാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിൽ 288 സീറ്റിൽ ബിജെപിയ്ക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് ഉള്ളത്. കേവല ഭൂരിപക്ഷം നേടാൻ ബിജെപിയ്ക്ക് ശിവസേനയുടെ പിന്തുണ കൂടിയേ തീരൂ എന്ന സാഹചര്യമാണ് നിലവിലുള്ളത്.

Exit mobile version