വേണമെങ്കില്‍ കുറിച്ച് വച്ചോ, മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയുടേത് തന്നെ; നിലപാട് കടുപ്പിച്ച് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ശിവസേനയുടെതായിരിക്കുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. ഉദ്ദവ് താക്കറെ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ നടക്കുകയുള്ളൂവെന്നും വേണമെങ്കില്‍ കുറിച്ചുവെച്ചോളൂ എന്നും സഞ്ജയ് പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേന ബിജെപി തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശിവസേനയുടെ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കണമെന്നാണ്. ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രി പദം തുല്യമായി വീതിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. എന്നാല്‍ സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് ബിജെപിയും വ്യക്തമാക്കിയതോടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശിവസേന ബിജെപി അധികാര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

Exit mobile version