ഒഡീഷയിലെ പുരി ക്ഷേത്രത്തിലെ രത്‌ന കലവറയുടെ താക്കോൽ കാണാനില്ല; വിവാദം കത്തിയതോടെ ഡൂപ്ലിക്കേറ്റ് താക്കോലുമായി കളക്ടർ

ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ കലവറയുടെ താക്കോൽ കാണാതായതു സംബന്ധിച്ച് രാഷ്ട്രീയ വിവാദം കത്തുന്നു. ഈ കലവറയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം, വെള്ളി,വജ്രം തുടങ്ങിയവയുടെ വൻശേഖരത്തിന്റെ സുരക്ഷ സംബന്ധിച്ചാണ് വീണ്ടും വിവാദം കൊഴുക്കുന്നത്. രാഷ്ട്രീയ രംഗത്തെ തന്നെ പിടിച്ചുകുലുക്കുന്ന വിവാദത്തിന് എണ്ണപകർന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ പ്രദിപ്ത കുമാർ നായിക് ക്ഷേത്രത്തിലെ നിധികൾ ഉടൻ തന്നെ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നായികിന്റെ ആവശ്യത്തോട് ഒഡീഷയിലെ ബിജെഡി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിധി ശേഖരം തുറക്കുന്നതിനെതിരെ ഉന്നത കോൺഗ്രസ് നേതാവ് മുന്നറിയിപ്പും നൽകി. ഓഡിറ്റിന്റെ പേരിൽ ഓഡിറ്റ് നടത്തുന്ന ആളുകൾ സ്വർണ്ണം വിഴുങ്ങുമെന്ന് കോൺഗ്രസ് നേതാവ് സുരേഷ് റൗത്തറായി പറഞ്ഞു. രത്ന കലവറയുടെ താക്കോൽ കാണാതായ സംഭവത്തിൽ ബിജെപിയും കോൺഗ്രസും സംസ്ഥാന വ്യാപകമായി കഴിഞ്ഞ വർഷം നടത്തിയ പ്രതിഷേധത്തിൽ ബിജെഡി (ബിജു ജനതാ ദൾ) സർക്കാർ പ്രതിരോധത്തിലായിരുന്നു. 128-കിലോ സ്വർണ്ണം, 221.5 കിലോയുടെ വെള്ളി പാത്രങ്ങൾ, വിലപിടിപ്പുള്ള പൂജാ വസ്തുക്കൾ തുടങ്ങിയ വസ്തുക്കൾ രത്ന ഭണ്ഡാരത്തിലുണ്ടെന്ന് ഒഡീഷ നിയമ മന്ത്രി പ്രതാപ് ജെന കഴിഞ്ഞ വർഷം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. താക്കോൽ കാണാതായത് സംബന്ധിച്ച് വിവാദം ഉയർന്നതിനിടെയായിരുന്നു ഈ വെളിപ്പെടുത്തൽ.

‘ഉടൻ തന്നെ ഓഡിറ്റ് നടത്തി ഞങ്ങളുടെ ദൈവത്തിന്റെ സമ്പത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. രത്ന കലവറ തുറന്ന് 1978-ൽ തയ്യാറാക്കിയ പട്ടികയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇതിന് സർക്കാർ മുൻകൈ എടുക്കണം’-പ്രദിപ്ത കുമാർ നായിക് മുഖ്യമന്ത്രി നവീൻ പട്നായിക്കിന് അയച്ച കത്തിൽ പറയുന്നു. രത്ന കലവറയുടെ താക്കോൽ കാണാതായതിൽ കോടിക്കണക്കിന് വിശ്വാസികൾക്കുള്ളിൽ സംശയമുണ്ടാക്കുന്നതായും നായികിന്റെ കത്തിൽ പറയുന്നു. താക്കോൽ കാണാതായത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഒഡീഷ സർക്കാർ ജൂഡീഷ്യൽ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

പ്രതിഷേധം കത്തുന്നതിനിടെ ക്ഷേത്ര ഭരണസമിതി അടിമുടി ഉടച്ചുവാർത്തിരുന്നു. ദിവസങ്ങൾക്കുശേഷം, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ക്ഷേത്രത്തിലെ ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്ട്രേറ്ററായിരുന്ന അന്നത്തെ പുരി ജില്ലാ കളക്ടർ അരവിന്ദ് അഗർവാൾ, ‘രത്‌ന ഭണ്ഡാരത്തിന്റെ’ ഡൂപ്ലിക്കേറ്റ് താക്കോൽ ജില്ലാ കളക്ടറേറ്റിലെ റെക്കോർഡ് മുറിയിൽ നിന്ന് കണ്ടെത്തിയെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് രത്നഭണ്ഡാരത്തിന്റെ ഡൂപ്ലിക്കേറ്റ് തന്നൈയാണോ അതുകൊണ്ട് തുറക്കാൻ സാധിക്കുമോ എന്ന കാര്യം ഇതുവരെ പരിശോധിച്ചിട്ടില്ല.

Exit mobile version