തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും ബിജെപിക്ക് അനുകൂലമല്ല; തോൽവി ഭയന്ന് നേതാക്കൾ; ജാർഖണ്ഡ് മുഖ്യമന്ത്രി രണ്ട് മണ്ഡലങ്ങളിൽ നിന്നു വിധി തേടും

റാഞ്ചി: അടുത്തകാലത്ത് നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളൊന്നും ബിജെപിക്ക് ആധികാരിക വിജയം സമ്മാനിക്കാത്തതിൽ നേതാക്കൾക്ക് ആശങ്ക. ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിജെപി വൃത്തങ്ങളാണ് സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ പ്രതിനിധീകരിക്കുന്ന ജംഷെഡ്പൂർ ഈസ്റ്റിന് പുറമെ റാഞ്ചി അല്ലെങ്കിൽ ധൻബാദ് എന്നീ സീറ്റുകളൊന്നിലും മത്സരിക്കാനാണ് ആലോചന.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ ബിജെപി നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കങ്ങൾ. ഹരിയാനയിൽ പത്തിൽ എട്ട് മന്ത്രിമാർക്കും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ജാർഖണ്ഡിലെ മന്ത്രിമാരും ആശങ്കയിലാണ്.

നേരത്തെ ജാർഖണ്ഡിൽ 65 പ്ലസ് എന്ന പദ്ധതി ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇത് വളരെ എളുപ്പത്തിൽ നേടാം എന്നതായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. എന്നാൽ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ഈ അഭിപ്രായത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇതിനെ തുടർന്നാണ് രഘുബർ ദാസ് മറ്റൊരു സുരക്ഷിത മണ്ഡലം കൂടി അന്വേഷിക്കുന്നത്.

Exit mobile version