ഭർതൃ സഹോദരൻ പീഡിപ്പിച്ചെന്ന് യുവതി; പരാതി നൽകിയതിന് യുവതിയെ മുത്തലാഖ് ചൊല്ലി പോലീസുകാരനായ ഭർത്താവ്; കേസ്

ലഖ്നൗ: ഭർത്താവിന്റെ സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി നൽകിയതിന് യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. പോലീസുകാരനായ ഇയാൾക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. തന്റെ സഹോദരനെതിരെയുള്ള പീഡനപരാതി പിൻവലിക്കാത്തതിനാണ് ഇയാൾ യുവതിയെ മുത്തലാഖ് ചൊല്ലിയതെന്ന് പരാതി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം.

ഉത്തർപ്രദേശ് സമ്പാൽ സ്വദേശിനിയെയാണ് പീഡനപരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഒക്ടോബർ 8ന് യുവതി ഭർതൃസഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത്. പീഡനശേഷം ഭർതൃവീട്ടിൽ തിരിച്ചെത്തിയ യുവതി ഭർതൃവീട്ടുകാരോടും പീഡനവിവരം പറഞ്ഞു. തുടർന്ന് ഒക്ടോബർ 18നാണ് യുവതി ഭർതൃ സഹോദരനെതിരെ സമ്പാൽ പോലീസിൽ പരാതി നൽകുന്നത്.

പിന്നാലെ, യുവതിയുടെ ഭർത്താവ് സഹോദരനെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് വിസമ്മതിച്ചതോടെ യുവാവ് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടർന്ന് യുവതി ഭർത്താവിനെതിരെയും പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെയും ഭർതൃ സഹോദരനെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Exit mobile version