ശിവസേനയെ ഒതുക്കാൻ ശ്രമിച്ച് മഹാരാഷ്ട്രയിൽ സ്വയം ഒതുങ്ങി ബിജെപി; അധികാരം നിലനിർത്തിയെങ്കിലും സിറ്റിങ് സീറ്റുകൾ പോലും കൈവിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ വിലപേശൽ അനുവദിച്ച് കൊടുക്കാൻ മടിയുളള ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കൈയ്യിലുള്ള സീറ്റുകൾ പോലും നഷ്ടപ്പെട്ട് ശിവസേനയെ തന്നെ ഭരണത്തിനായി ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു ബിജെപി. സ്വന്തം സീറ്റുകളിൽ ബിജെപിക്ക് വലിയ നഷ്ടം നേരിട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശിവസേനയ്ക്കുള്ള വിലപേശൽ ശേഷികൂടുകയാണ് ഉണ്ടായത്.

അധികാരം നിലനിർത്തിയെങ്കിലും മൊത്തത്തിൽ ബിജെപി തിരിച്ചടി നേരിട്ടു എന്നു വേണം പറയാൻ. ബിജെപിയുടെ 20 സിറ്റിങ് സീറ്റുകൾ കൈവിടേണ്ടിവന്നു. രാജ്യസ്‌നേഹം തന്നെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. മുൻ മന്ത്രിമാരടക്കം പ്രമുഖ നേതാക്കളെ പ്രതിപക്ഷത്തുനിന്ന് തങ്ങളുടെ പാളയത്തെത്തിച്ചും ബിജെപി തെരഞ്ഞെടുപ്പ് കൂടുതൽ അനായാസമാക്കി. എന്നിട്ടും കഷ്ടിച്ച് അധികാരം നിലനിർത്താനുള്ള സീറ്റുനില നേടാൻ മാത്രമാണ് ബിജെപി- ശിവസേന സഖ്യത്തിന് സാധിച്ചുള്ളൂ. ഇത് ബിജെപിക്ക് വലിയ പാഠങ്ങളാണ് നൽകുന്നത്. കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ വലിയ നേട്ടങ്ങളിൽ ബിജെപി ഭയപ്പെടേണ്ടതുമുണ്ട്.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ എൻസിപി എംഎൽഎമാരും ശരദ് പവാറുമായി അടുപ്പമുള്ളവരും ബിജെപിക്ക് ഒപ്പം ചേർന്നിരുന്നു. മുൻമന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകൾക്കിടെ പ്രതിപക്ഷത്തുനിന്നു ബിജെപിയിലേക്കും ശിവസേനയിലേക്കും മറുകണ്ടം ചാടിയത്. ഇത് കോൺഗ്രസ്-എൻസിപി നേതാക്കളെ സ്വന്തം മണ്ഡലം സംരക്ഷിക്കുക എന്നതിലേയ്ക്കു മാത്രമായി തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ചുരുക്കി. ഇത് പ്രചാരണ രംഗത്തും പ്രകടമായിരുന്നു, പ്രത്യേകിച്ച് കോൺഗ്രസിന്റെ കാര്യത്തിൽ. മുതിർന്ന കോൺഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചൗഹാനും അശോക് ചൗഹാനും സ്വന്തം മണ്ഡലത്തിന് പുറത്തേക്ക് തീരെ സജീവമായിരുന്നില്ല. ജനസംഖ്യയുടെ 31 ശതമാനംവരുന്ന മറാഠ സമുദായത്തിൽ വേരുകളുണ്ടായിരുന്ന പാർട്ടിക്ക് ഇന്ന് ആ സമുദായത്തിന്റെ പിൻബലം തിരിച്ചുപിടിക്കാനും അവർക്ക് കഴിഞ്ഞിരുന്നില്ല. കോൺഗ്രസ് കിതച്ചപ്പോൾ ശരദ് പവാറിന്റെ സാന്നിധ്യം മാത്രമായിരുന്നു പ്രതിപക്ഷ നിരയിൽനിന്ന് സജീവമായുണ്ടായിരുന്നത്.

അവസാന ലീഡ് നില പുറത്തുവരുമ്പോൾ 157 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ടുനിൽക്കുന്നത്. ബിജെപി 101, ശിവസേന 56, കോൺഗ്രസ് 43, എൻസിപി 55 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ ആകെയുള്ള 288 സീറ്റുകളിൽ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ 122 സീറ്റുകൾ നേടിയ ബിജെപി 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ബിജെപി-ശിവസേന സഖ്യത്തിന് 185 സീറ്റുകളിൽനിന്ന് 157 സീറ്റുകളായി കുറഞ്ഞു. നഷ്ടപ്പെട്ട സീറ്റുകളിൽ 25ഉം ബിജെപിയുടേതാണ് എന്നതാണ് ശ്രദ്ധേയം.

Exit mobile version