ഹരിയാനയില്‍ തിരിച്ചടി; ബിജെപിയുടെ ടിക് ടോക് സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നില്‍

സോനാലിക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ ഏകദേശം ഇരട്ടി വോട്ടുകളാണ് കുല്‍ദീപിന് ലഭിച്ചത്

ഹരിയാന: ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ട് ബഹുദൂരം പിന്നില്‍. ഹരിയാനയിലെ ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള അദംപൂരിലാണ് സോനാലി ജനവിധി തേടുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്‌ണോയിയാണ് വന്‍ ഭൂരിപക്ഷത്തോടെ മുന്നിലുള്ളത്.

സോനാലിക്ക് ലഭിച്ച വോട്ട് വിഹിതത്തിന്റെ ഏകദേശം ഇരട്ടി വോട്ടുകളാണ് കുല്‍ദീപിന് ലഭിച്ചത്. ജെജെപിയുടെ രമേഷ് കുമാറാണ് ഇവിടെ മൂന്നാം സ്ഥാനത്തുള്ളത്. ടിക് ടോക്കില്‍ സജീവമായ സോനാലി മറ്റ് സോഷ്യല്‍മീഡിയകളിലും സജീവമാണ്.

ടിക് ടോക്കില്‍ ലക്ഷങ്ങള്‍ പിന്തുടരുന്ന താരമായ സോനാലി രണ്ട് വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി അദംപൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സോനാലിയുടെ ടിക് ടോക്ക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായിരുന്നു.

Exit mobile version