ഹരിയാനയിൽ ബിജെപി ഭരണം വീഴുമോ; ഖട്ടാറിനെ വിളിച്ചുവരുത്തി അമിത് ഷാ

ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസ വിജയം പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായി കോൺഗ്രസിന്റെ മുന്നേറ്റം. 31 സീറ്റിൽ കോൺഗ്രസും ബിജെപി 41 സീറ്റിലും മുന്നേറുകയാണ്. ജെജെപി 10 സീറ്റുകൾ കൈയ്യടക്കി നിർണായക ശക്തിയാകുമെന്നും ഉറപ്പായി.

പിന്നാലെ, അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിനെ സംബന്ധിച്ച് വിശദീകരണം തേടാനായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറെ ബിജെപി ദേശീയധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ വിളിപ്പിച്ചു. പ്രതീക്ഷിച്ച വിജയം അകലുന്നതും കോൺഗ്രസ് കടുത്ത പോരാട്ടം കാഴ്ചവെയ്ക്കുന്നതും ബിജെപി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
90 സീറ്റിൽ 46 സീറ്റെങ്കിലും നേടി ഭരണം പിടിക്കാമെന്നുള്ള ബിജെപിയുടെ പ്രതീക്ഷകൾ അവസാനിക്കുന്നതായാണ് വോട്ടിങ് ശതമാനം കാണിക്കുന്നത്. 43 സീറ്റ് പോലും ബിജെപിക്ക് കിട്ടാൻ സാധ്യത കുറവാണ് ഈ സാഹചര്യത്തിൽ. 75 സീറ്റിലെ ഉറച്ച വിജയമാണ് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ പലമണ്ഡലങ്ങളിലും ബിജെപി മന്ത്രിമാരും പ്രമുഖ നേതാക്കളും ഉൾപ്പടെയുള്ളവർ പിന്നിലായത് തിരിച്ചടിയായി. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി നടത്തിയ തെരഞ്ഞടുപ്പ് പ്രചാരണങ്ങളും പലയിടത്തും ഫലം കണ്ടില്ലെന്നാണ് സൂചന.

ജൻനായക് ജനതാ പാർട്ടി 10 സീറ്റുമായി മുന്നേറുന്നതിനിടെ കോൺഗ്രസിനും ഭരണപ്രതീക്ഷയാണുള്ളത്. കൂട്ടുകക്ഷി ഭരണത്തിനു തയ്യാറാണെന്ന് കോൺഗ്രസ് ഇതിനകം ജെജെപിയെ അറിയിച്ചു കഴിഞ്ഞു. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ പോലും തയ്യാറായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version