സമൂഹ മാധ്യമ നിയന്ത്രണം; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റുന്നു

പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റുന്നു. സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് കേസുകളില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.

പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, ദേശീയസുരക്ഷയും ദേശീയ താല്‍പ്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗ്ഗരേഖ ആരുടെയും സ്വകാര്യതയെ തടസ്സപ്പെടുത്തുന്നതാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ കേന്ദ്രം മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

Exit mobile version