യാത്ര വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരിയുടെ പണം തട്ടിയെടുത്ത് കൊള്ളസംഘം

ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അമേരിക്കന്‍ സ്വദേശിയായ ജോര്‍ജ് വാന്‍മെറ്ററിനെ തട്ടിക്കൊണ്ടുപോയി പണം കവരുകയായിരുന്നു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് എത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവം. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അമേരിക്കന്‍ സ്വദേശിയായ ജോര്‍ജ് വാന്‍മെറ്ററിനെ തട്ടിക്കൊണ്ടുപോയി പണം കവരുകയായിരുന്നു.

പഹര്‍ഗഞ്ചിലെ ഹോട്ടല്‍ മുറിയിലെത്തിക്കാമെന്ന് പറഞ്ഞാണ് ക്യാബ് ഡ്രൈവര്‍ ജോര്‍ജിനെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ജോര്‍ജിനെ കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം കവരുകയുമായിരുന്നു. ചതി മനസ്സിലാക്കിയ വിദേശി ഇവരില്‍ നിന്ന് രക്ഷപ്പെട്ടോടി പോലീസില്‍ പരാതി നല്‍കി.

വിമാനത്താവളത്തിലെത്തിയ ജോര്‍ജിനെ 400 രൂപയ്ക്ക് ഹോട്ടലിലെത്തിക്കാമെന്ന് ക്യാബ് ഡ്രൈവര്‍ വാഗ്ദാനം നല്‍കി. കൊണാട്ട് പ്ലേസില്‍ എത്തിയതോടെ ഡ്രൈവര്‍ ഇയാളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി. മുമ്പിലുള്ള പോലീസ് ബാരികേഡ് കാണിച്ച് ഉത്സവമായതിനാല്‍ വഴി ബ്ലോക്കാണെന്ന് ഇയാള്‍ ജോര്‍ജിനോട് പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്കെന്ന വ്യാജേന ആരെയോ ഫോണില്‍ വിളിച്ച് ഹോട്ടല്‍ ഉത്സവമായതിനാല്‍ അടച്ചിട്ടിരിക്കുകയാണെന്ന് ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചു.

തുടര്‍ന്ന് ജോര്‍ജിനെ മറ്റൊരു ടൂറിസ്റ്റ് ഓഫീസിലെത്തിക്കുകയും അവിടെയുള്ളവര്‍ 450 ഡോളറിന് (31,909 രൂപ) റൂം റെഡിയാക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന രണ്ടുപേരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ജോര്‍ജിന് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്ര വാഗ്ദാനം ചെയ്തു. 1294 ഡോളറാണ് (91,741 രൂപ) ഇതിനായി അവര്‍ ആവശ്യപ്പെട്ടത്.

കൂടാതെ, ടൂറിസ്റ്റ് ഓഫീസിലുള്ളവര്‍ ജോര്‍ജിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. തന്റെ ലൊക്കേഷന്‍ നോക്കാനോ ഗൂഗിള്‍ മാപ്പ് ചെക്ക് ചെയ്യാനോ തന്നെ അവര്‍ അനുവദിച്ചില്ലെന്ന് ജോര്‍ജ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരു സ്വിഫ്റ്റ് കാറിലാണ് അവര്‍ ജോര്‍ജിനെ ആഗ്രയിലേക്ക് കൊണ്ടുപോയത്. തിരിച്ച് ഡല്‍ഹിയിലേക്കും കൊണ്ടുവന്നത് അതില്‍ തന്നെയായിരുന്നു. ജോര്‍ജ് ഡ്രൈവറോട് തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിമാനത്താവളത്തിലേക്കല്ല പോകുന്നതെന്ന് ജോര്‍ജിന് മനസ്സിലായി. അവര്‍ കാണാതെ ഗൂഗിള്‍മാപ്പ് ചെക്ക് ചെയ്ത ജോര്‍ജ് താന്‍ ഗോള്‍ മാര്‍ക്കറ്റിലാണെന്ന് തിരിച്ചറിഞ്ഞു. വഴിയരികില്‍ രണ്ട് പോലീസുകാരെ കണ്ട ജോര്‍ജ് കാറിന്റെ ഡോര്‍ തുറന്ന് ബാഗ് പുറത്തേക്കെറിയുകയും എടുത്തുചാടുകയും ചെയ്തു.

സംഭവത്തില്‍ ജോര്‍ജ് മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 45കാരനായ റാം പ്രീതിനെ പോലീസ് പിടികൂടി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Exit mobile version