ശ്രീനഗര്‍: ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ എണ്ണം അഞ്ചായി. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രകൃതിഭംഗി ആസ്വദിക്കാന്‍ പെഹല്‍ഗാമിലെത്തിയ സഞ്ചാരികളെ മൂന്ന് ഭീകരരാണ് ആക്രമിച്ചതെന്നാണ് വിവരം. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരര്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം കാശ്മീരിന് പുറത്തുനിന്നുള്ളവരാണെന്ന് മനസിലാക്കി ആക്രമിക്കുകയായിരുന്നു. 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ദി റെസിസ്റ്റന്റ് ഫ്രണ്ട്, ടിആര്‍എഫ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ടുണ്ട്. സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമികള്‍ പല റൗണ്ട് വെടിയുതിര്‍ത്തെന്നും രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി. ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു. സംഭവത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അപലപിച്ചു.