വോട്ടിങ് യന്ത്രവും ബാലറ്റ് പെട്ടിയും സംയോജിപ്പിച്ചുള്ള സംവിധാനം വേണം; ആവശ്യവുമായി ദിഗ്‌വിജയ് സിങ്

നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവന.

ന്യൂഡൽഹി: രാജ്യത്തെ വോട്ടിങിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ വോട്ടിങ് യന്ത്രവും ബാലറ്റ് പെട്ടിയും സംയോജിപ്പിച്ചുള്ള സംവിധാനം വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവന.

വിവിപാറ്റിന് സാങ്കേതികമായ പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഏഴ് സെക്കന്റ് മാത്രം തെളിയുന്ന വിവിപാറ്റിന് പകരം വോട്ടർക്ക് പ്രിന്റ് ചെയ്ത് നൽകുന്ന പേപ്പർ സംവിധാനം ഒരുക്കാം. ഇത് വോട്ടർക്ക് കണ്ട് പരിശോധിച്ച ശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കാവുന്നതാണെന്ന് ദിഗ്‌വിജയ് സിങ് മുന്നോട്ടുവെച്ച നിർദേശത്തിൽ പറയുന്നു. ഇത്തരത്തിൽ സംവിധാനം നടപ്പാക്കിയാൽ വോട്ടിങ് മെഷീനെതിരെയുള്ള പരാതികൾ പരിഹരിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം.

വോട്ടിങ് യന്ത്രത്തിൽ നിന്ന് വോട്ടെടുപ്പ് രീതി മാറ്റി ഇത്തരമൊരു സംവിധാനം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടണമെന്നും ദിഗ്‌വിജയ് സിങ് നിർദേശിച്ചു. ബാലറ്റ് പെട്ടിയിലെ വോട്ട് എണ്ണവും യന്ത്രത്തിലെ വോട്ട് എണ്ണവും വ്യത്യാസം വരികയാണെങ്കിൽ ബാലറ്റ് പെട്ടിയിലെ വോട്ടുകൾ കണക്കാക്കി ഫലം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറയുന്നു.

Exit mobile version