‘ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതണം’; അമിത് ഷാ

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന സവര്‍ക്കര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കി

വാരാണസി: ഇന്ത്യാചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ട ആവശ്യമുണ്ടെന്നും നമ്മുടെ ചരിത്രമെഴുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അമിത് ഷാ പറഞ്ഞു. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1987-ലെ ‘യുദ്ധ’ത്തെ ‘ഒന്നാം സ്വാതന്ത്ര്യയുദ്ധം’ എന്നു വിളിച്ചത് സവര്‍ക്കറാണെന്നും അല്ലെങ്കില്‍ ഒന്നാം സ്വാതന്ത്ര്യസമരം ലഹളയായി മാത്രം കണക്കാക്കപ്പെടുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന സവര്‍ക്കര്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കി.മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഇക്കാര്യം ബിജെപി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷായുടെ പ്രസ്താവന.

”നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുകീഴില്‍ രാജ്യം ലോകത്തിനുമുമ്പില്‍ ബഹുമാനം വീണ്ടെടുക്കുകയാണ്. അദ്ദേഹത്തിനുകീഴില്‍ ഇന്ത്യയോടുള്ള ആദരം വര്‍ധിച്ചു. നമ്മുടെ അഭിപ്രായം ലോകം ശ്രദ്ധിക്കുന്നു. അന്താരാഷ്ട്ര വികസനത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നു” – അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Exit mobile version