മോഡിയ്ക്ക് എതിരാളിയില്ലെന്നും ജനപ്രിയ നേതാവായും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റ്! 2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന അവസരം; മുന്നറിയിപ്പുമായി മുന്‍ ബിജെപി മന്ത്രി അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി.

2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാന അവസരമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനം എടുക്കണമെന്നും അരുണ്‍ ഷൂരി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ‘ദ വയര്‍’ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറാണ് അരുണ്‍ ഷൂരിയുമായി അഭിമുഖം നടത്തിയത്.

”ഇപ്പോഴത്തേത് പുതിയ സാഹചര്യമാണ്. രാജ്യം മാത്രമല്ല, നിങ്ങളും അപകടത്തിലാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. നിങ്ങള്‍ വ്യക്തിപരമായി അപകടത്തിന്റെ വായിലാണ്. ഇത് ഓരോ പ്രതിപക്ഷ നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്. പ്രത്യേകിച്ച് നിതീഷ് കുമാറിനും നവീന്‍ പട്‌നായിക്കിനും. അതുകൊണ്ട് തന്നെ ഭൂതകാലം മറന്നേക്കുക. എങ്ങനെ ഒരുമിക്കും എന്നതു മാത്രം ചിന്തിക്കുക.

മോഡി ജനപ്രിയ നേതാവാണെന്നും എതിരാളിയില്ലെന്നും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ആരാകും മോഡിയുടെ എതിരാളി എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയാണോ മമത ബാനര്‍ജിയാണോ എന്നൊക്കെ. ഇന്ദിരാ ഗാന്ധിക്ക് ആരാണ് പകരക്കാരനായതെന്ന് ഈ ചോദിക്കുന്നവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. അന്തരിച്ച അടല്‍ ബിഹാരി വാജ്‌പേയിയെ നെഹ്‌റുവിനോട് ചിലര്‍ ഉപമിക്കാറുണ്ട്. എന്നാല്‍ വാജ്‌പേയി അധികാരത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സോണിയ ഗാന്ധിയാണോ ഭരണത്തിലേറിയത്? അന്നു വരെ ചിത്രത്തില്‍ പോലുമില്ലാതിരുന്ന മന്‍മോഹന്‍ സിങ് ആയിരുന്നില്ലേ ?

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പ്രതിപക്ഷത്തിന് ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകില്ല. ഇനിയൊരു തെരഞ്ഞെടുപ്പ് പോലും ഉണ്ടാകുമോയെന്ന് സംശയമാണ്. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കാനുള്ള അവസാന അവസരമാണ് വരാന്‍ പോകുന്നത്. തോറ്റാല്‍, പ്രിയ സുഹൃത്തെ ഇനി നീതിയുക്തമായൊരു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുകയേ വേണ്ട’ – അരുണ്‍ ഷൂരി പറഞ്ഞു.

Exit mobile version