പിഎംസി ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് വിലക്ക്; 90 ലക്ഷം നിക്ഷേപമുള്ളയാൾ ഹൃദയാഘാതം വന്നു മരിച്ചു

മുംബൈ: പ്രതിസന്ധി രൂക്ഷമായ പിഎംസി ബാങ്കിൽ 90 ലക്ഷത്തിലധികം നിക്ഷേപമുള്ളയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഓഷിവാര സ്വദേശി സഞ്ജയ് ഗുലാത്തി(51) യാണ് മരിച്ചത്. തിങ്കളാഴ്ച കോടതിക്ക് പുറത്ത് നിക്ഷേപകർ നടത്തിയ പ്രതിഷേധത്തിലടക്കം പങ്കെടുത്തിരുന്ന വ്യക്തിയാണ്. ഇയാൾ. സാമ്പത്തികമായി ഒട്ടേറെ അത്യാവശ്യം ഇദ്ദേഹത്തിന് ഉണ്ടായരുന്നു എന്നാണ് വിവരം. കോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ 80 വയസ്സിലുള്ള പിതാവിനൊപ്പമാണ് ഇദ്ദേഹം പങ്കെടുക്കാനെത്തിയിരുന്നത്.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായത്. ജെറ്റ് എയർവേയ്‌സ് ജീവനക്കാരനായിരുന്നു ഗുലാത്തി. കമ്പനി പ്രതിസന്ധിയിലായതോടെ ജോലിയും നഷ്ടമായിരുന്നു.

ബാങ്കിൽ നിന്നും പണം കിട്ടാതായതോടെ രോഗിയായ മകന്റെ ചികിത്സ മുടങ്ങുമെന്ന അവസ്ഥയും ഇദ്ദേഹം നേരിട്ടിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി വലിയ ചെലവാണ് ഉണ്ടായിരുന്നതെന്ന് സഞ്ജയ് ഗുലാത്തിയുടെ സുഹൃത്തുക്കൾ പറയുന്നു. ആർബിഐ നിർദേശത്തെ തുടർന്ന് പിഎംസി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് വിലക്കുണ്ട്.

40,000 രൂപ വരെ മാത്രമേ പിൻവലിക്കാനാകൂ. ആദ്യം 1000 രൂപ മാത്രമേ പിൻവലിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ചയാണ് പരിധി 40,000 ആയി ഉയർത്തിയത്.

Exit mobile version