അയോധ്യ തർക്കഭൂമിയിൽ ദീപാവലി ദിവസം വിളക്ക് തെളിയിക്കണമെന്ന് വിഎച്ച്പി; അനുമതി നിഷേധിച്ചു

ലഖ്‌നൗ: അയോധ്യയിലെ തർക്കഭൂമിയിൽ ദീപാവലി ദിവസം വിളക്ക് തെളിയിക്കാൻ അനുവദിക്കണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യം നിരസിച്ചു. അയോധ്യ ഡിവിഷണൽ കമ്മീഷണറാണ് വിഎച്ച്പി ഉൾപ്പെടെ നിവേദനം സമർപ്പിച്ചവർക്ക് അനുവാദം നിഷേധിച്ചത്.

അയോധ്യയിലെ തർക്കഭൂമിയിൽ ദീപാവലി ദിവസം വിളക്ക് തെളിയിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരത് ശർമ്മയും മറ്റ് പ്രമുഖ മതവിശ്വാസികളും ഡിസിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നത് വരെ സ്ഥലത്ത് ഒരു തരത്തിലുള്ള ചടങ്ങുകളും അനുവദിക്കില്ലെന്നും എതിരഭിപ്രായം ഉണ്ടെങ്കിൽ ഇവർക്ക് കോടതിയെ സമീപിക്കാമെന്നും അയോധ്യ ഡിസി മനോജ് മിശ്ര പറഞ്ഞു.

അയോധ്യ കേസിലെ പരാതിക്കാരിൽ ഒരാളായ ഹാജി മെഹ്ബൂബാണ് വിളക്ക് തെളിയിക്കുന്നതിനെ ശക്തമായി എതിർത്തത്. വിളക്ക് തെളിയിക്കാൻ അവസരം നൽകുകയാണെങ്കിൽ സ്ഥലത്ത് മുസ്ലിം മതാചാരപ്രകാരമുള്ള നമസ്‌കാരം നടത്താൻ തങ്ങൾക്കും അനുവാദം നൽകണമെന്നായിരുന്നു ഹാജി മെഹ്ബൂബിന്റെ ആവശ്യം.

ദീപങ്ങൾ അധികാരികൾക്ക് കൈമാറാമെന്നും സ്ഥലത്ത് ദീപാലങ്കാരം നടത്താൻ അവർ വേണ്ട ഒരുക്കങ്ങൾ നടത്തിയാൽ മതിയെന്നും അയോധ്യ ശ്രീരാമന്റെ ജന്മഭൂമിയാണെന്നും അവിടെ ദീപങ്ങൾ കൊണ്ട് അലങ്കരിക്കുക എന്നത് ന്യായമായ ആവശ്യമാണെന്നുമാണ് ശരത് ശർമ്മയുടെ വാദമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version