ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്നു; പത്ത് മരണം; നിരവധിപേർക്ക് പരിക്ക്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനിലകെട്ടിടം തകർന്നുവീണ് വൻ അപകടം. പത്തുപേർ മരിച്ചതായാണ് വിവരം. നിരവധിപേർ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ഉത്തർപ്രദേശിലെ മാവു ജില്ലയിലെ വലീദ്പുർ ഗ്രാമത്തിൽ അപകടമുണ്ടായത്. മുഹമ്മദാബാദ് പോലീസും അഗ്നിശമനസേനാ പ്രവർത്തകരും അപകടസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്ക് ഉള്ളിൽ അകപ്പെട്ട പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകടകാരണം. ഗ്യാസ് ലീക്കായി തീപിടിക്കുകയും പിന്നാലെ വീടിനകത്ത് പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു. ഇതോടെ തൊട്ടടുത്ത വീടുകളിലേക്കും തീ പടർന്നതോടെയാണ് വൻ അപകടമുണ്ടായത്.

അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Exit mobile version