ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദ ചോദ്യവുമായി ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പര്‍

അഹമ്മദാബാദ്: മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദമായി ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പര്‍. ചരിത്രവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ ചോദ്യവുമായി ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പ് വിവാദത്തിലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.

‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാറ്റ് ഷു കരിയു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?). ‘സുഫലാം ശാലാ വികാസ് സങ്കൂല്‍’ എന്ന സംഘടനയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരീക്ഷയിലാണ് ഈ ചോദ്യം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവ.

കൂടാതെ, അനധികൃത മദ്യകടത്തുകാരെ കുറിച്ചുള്ള ചോദ്യവും വിവാദമായിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പറിലെ മറ്റൊരു ചോദ്യം ഇങ്ങനെ- ‘നിങ്ങളുടെ പ്രദേശത്ത് മദ്യ വില്‍പ്പന വര്‍ധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവില്‍പനക്കാര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പോലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക’ എന്നതാണ്. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

‘സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും’- ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു.ചോദ്യങ്ങള്‍ ഉണ്ടാക്കിയത് വിദ്യാലയ അധികൃതരാണെന്നും വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ പങ്കില്ലെന്നും ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥിരീകരിച്ചു.

Exit mobile version