ഗുജറാത്ത് കലാപം ഏത് സര്‍ക്കാരിന് കീഴിലെന്ന് ചോദ്യം : നടപടിയെടുക്കുമെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി : പന്ത്രണ്ടാം ക്ലാസ് ടേം പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദ്യം വന്നതിനെതിരെ നടപടിയെടുക്കുമെന്ന് സിബിഎസ്ഇ. 2002ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ഏത് പാര്‍ട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലെന്നായിരുന്നു ചോദ്യം.

സോഷ്യോളജി ടേം 1 പരീക്ഷയിലാണ് ചോദ്യം ചോദിച്ചത്. കോണ്‍ഗ്രസ്, ബിജെപി, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ എന്നീ നാല് ഓപ്ഷനുകളും ചോദ്യത്തിനൊപ്പം നല്‍കിയിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ ട്വീറ്റ് ചെയ്തു.

2002ലാണ് ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപമുണ്ടാകുന്നത്. ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ കോച്ച് കത്തിച്ചതിനെത്തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന 59 തീര്‍ഥാടകരടക്കം കൊല്ലപ്പെടുകയായിരുന്നു. 2012 ഫെബ്രുവരിയിലെ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മറ്റ് 63 പേരെയും തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം കുറ്റവിമുക്തരാക്കി.

Exit mobile version