സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം: മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍

exam | Bignewslive

ന്യൂഡല്‍ഹി : കോവിഡ് മൂലം റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു.മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകത്തുകയെന്ന നിലയില്‍ കണക്കാക്കാനാണ് തീരുമാനം.
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതത്തിലായിരിക്കും ഇത് നടപ്പാക്കുക. ഹര്‍ജിയില്‍ വിധി ഇന്നുണ്ടാകും.10,11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30 ശതമാനം വെയ്‌റ്റേജ് നല്‍കുമെന്നും 12ാം ക്ലാസിലെ പ്രീ-ബോര്‍ഡ് പരീക്ഷയ്ക്ക് 40ശതമാനം വെയ്‌റ്റേജ് നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇങ്ങനെ നിര്‍ണയിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ സമര്‍പ്പിക്കണം. ഈ ഫലനിര്‍ണയം നിരീക്ഷിക്കാന്‍ 1000 സ്‌കൂളുകള്‍ക്ക് ഒന്ന് എന്ന നിലയില്‍ സമിതി രൂപീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ചില സ്‌കൂളുകള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വലിയതോതില്‍ മാര്‍ക്ക് നല്‍കുകയും ചിലര്‍ കുറവ് നല്‍കുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇത് ഫലത്തെ ബാധിക്കാതിരിക്കാനാണ് സമിതി രൂപീകരിക്കുന്നത്. ഇവ നടപ്പാക്കി ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വേണുഗോപാല്‍ അറിയിച്ചു.

Exit mobile version