‘ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു 8 വര്‍ഷവും’ : മോഡി

ഗാന്ധിനഗര്‍ : മഹാത്മാ ഗാന്ധിയും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ എട്ട് വര്‍ഷവും ബിജെപി നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന പൊതുചടങ്ങില്‍ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.

“പാവപ്പെട്ടവരും ദളിതരും ആദിവാസികളും സ്ത്രീകളും ശാക്തീകരിക്കപ്പെട്ട ഇന്ത്യയാണ് ഗാന്ധിജി സ്വപ്‌നം കണ്ടത്. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വെച്ചാണ് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോള്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നു. അത് പരിഹരിക്കാനായി രാജ്യത്തിന്റെ പത്തായപ്പുരകള്‍ തുറന്ന് കൊടുത്ത് കേന്ദ്രം അവരെ സഹായിച്ചു”.

“സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് ജന്‍ധന്‍ അക്കൗണ്ടിലൂടെ പണം നല്‍കി, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി, കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് മൂന്ന് കോടി ജനങ്ങള്‍ക്കാണ് വീട് നിര്‍മിച്ച് നല്‍കിയത്. ജനങ്ങള്‍ക്ക് വേണ്ടി എങ്ങനെ ജീവിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങളാണ് എന്നെ പഠിപ്പിച്ചത്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ ഒന്നിക്കുമ്പോള്‍ രാജ്യത്തിനത് കൂടുതല്‍ നേട്ടമുണ്ടാക്കും”. മോഡി പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി രാജ്‌കോട്ടിലെത്തിയത്. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ 17ഓളം പൊതുപരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

Exit mobile version