പ്രധാനമന്ത്രിയുടെ കടല്‍തീരം വൃത്തിയാക്കലിനെ പരോക്ഷമായി പരിഹസിച്ച് പ്രകാശ് രാജ്

മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

ചെന്നൈ: മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. വീഡിയോ പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്തത്. രാവിലെ അരമണിക്കൂര്‍ നീണ്ട പ്രഭാതസവാരിക്കിടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്തെന്ന് അദ്ദേഹം കുറിച്ചു. ഇതോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

നമ്മുടെ നേതാവിന്റെ സുരക്ഷ എവിടെയെന്നും വിദേശസംഘം എത്തിയിരിക്കുന്ന സമയത്ത് ബന്ധപ്പെട്ട അധികൃതര്‍ എന്തുകൊണ്ട് പ്രദേശം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? വിദേശത്തുനിന്ന് ഒരു സംഘം എത്തിയിരിക്കുമ്പോള്‍ ഈ സ്ഥലം വൃത്തിയാക്കാതെയിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു?’ വീഡിയോയ്ക്കൊപ്പം പ്രകാശ് രാജ് കുറിച്ചു.

ഇതോടെ പ്രകാശ് രാജിന്റെ പരാമര്‍ശവും ട്വിറ്ററില്‍ വലി ശ്രദ്ധനേടി. എണ്ണായിരത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ ഷെയറുകളും ഈ ട്വീറ്റിന് ലഭിച്ചു.

Exit mobile version