ഗംഭീര വിഭവങ്ങള്‍ ഒരുക്കി ജിന്‍പിങിന് വന്‍ സ്വീകരണം; സ്‌പെഷ്യല്‍ ഫുഡ് മലബാര്‍ പൊറോട്ടയും തഞ്ചാവൂര്‍ കോഴിക്കറിയും

ആഹാരത്തിന്റെ കാര്യത്തിലും തമിഴ് സ്‌റ്റൈല്‍ തന്നെയാണ് ഇന്ത്യ, ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയത്.

ന്യൂഡല്‍ഹി: മഹാബലിപുരത്തു വെച്ച് നടക്കുന്ന ഇന്ത്യ -ചൈന ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ സ്വീകരിക്കാന്‍ മോഡി എത്തിയത് തമിഴ്‌നാടിന്റെ തനതുവസ്ത്രം ധരിച്ചായിരുന്നു. മുണ്ടും ഷര്‍ട്ടും വേഷ്ടിയുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ഇത് സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ ആഹാരത്തിന്റെ കാര്യത്തിലും തമിഴ് സ്‌റ്റൈല്‍ തന്നെയാണ് ഇന്ത്യ, ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയത്. മാംസാഹരമാണ് ഷി ജിന്‍പിംഗിനൊരുക്കിയ ആഹാരത്തിലെ പ്രധാന വിഭവങ്ങള്‍. തമിഴ്‌നാടിന്റെ തനത് വിഭവമായ തഞ്ചാവൂര്‍ കോഴിക്കറിയും കേരളത്തിന്റെ സ്വന്തം മലബാര്‍ പൊറോട്ടയുമായിരുന്നു ഇതില്‍ പ്രധാനം.

തമിഴ്‌നാടിന്റെ കറിവേപ്പിലയിട്ടുവറുത്ത മീന്‍, മട്ടന്‍ കറി, മട്ടന്‍ ഉലര്‍ത്തിയത്, ബിരിയാണി, തക്കാളി രസം ഇങ്ങനെ പോകുന്നു ജിന്‍പിങിന് മുമ്പില്‍ നിരന്ന തെന്നിന്ത്യന്‍ വിഭവങ്ങള്‍.

ഇതുമാത്രമായിരുന്നില്ല ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയിരുന്നത്. മലയാളികളുടെ സദ്യകളിലൊന്നാമനായ അടപ്രഥമന്‍, കറുത്തരി ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന കവന്‍ അരസി ഹല്‍വ, മക്കാനി ഐസ്ക്രീമും അദ്ദേഹത്തിനായി വിളമ്പി.

ഇന്നലെ അത്താഴവിരുന്നിനിടെ ഇരുവരും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു ഇത്. ഇന്ന് പ്രധാനമന്ത്രി മോഡിയും ജിന്‍പിങും മഹാബലിപുരത്തെ ചില പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

Exit mobile version