പല്ലവരാജവംശത്തെ അടുത്തറിഞ്ഞ് മോഡി-ഷി ജിൻപിങും; കൂടിക്കാഴ്ച ഇന്ന്; നയതന്ത്ര ചർച്ചയും നടക്കും

മഹാബലിപുരം: തമിഴ്‌നാടിന്റെ ചരിത്രം പേറുന്ന സ്മാരകങ്ങൾ ഒരുമിച്ച് നടന്നുകണ്ടും കുശലം പറഞ്ഞും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും. അനൗപചാരിക ഉച്ചകോടിയുടെ ആദ്യദിനം ഉല്ലാസത്തിനായാണ് ഇരുവരും മാറ്റിവെച്ചത്. എന്നാൽ രണ്ടാം ദിനമായ ഇന്ന് മോഡിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തി നയതന്ത്രതല ചർച്ചയ്ക്ക് തുടക്കം കുറിക്കും. രാവിലെ പത്തിന് ചെന്നൈയിലെ ഫിഷർമാൻസ് കോവ് റിസോർട്ടിലാണ് മോഡി-ഷി ചർച്ച. ഇരു രാജ്യങ്ങളുടേയും നയതന്ത്ര പ്രതിനിധികളുടെ ചർച്ചയും ഇന്നുണ്ടാവും. ശേഷം ഇരുവരും വെവ്വേറെ പ്രസ്താവനകൾ ഇറക്കും.

കാശ്മീർ ഉൾപ്പടെയുള്ള അതിർത്തികളിലെ അസ്വസ്ഥതകളെ തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം തകർന്നിരിക്കെ നടക്കുന്ന കൂടിക്കാഴ്ചയെ ആശങ്കയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. എന്നാൽ ഈ അസ്വാരസ്യങ്ങളൊന്നും പ്രകടിപ്പിക്കാതെയായിരുന്നു ഇരുനേതാക്കളുടെയും ശരീരഭാഷയെന്നത് ആശ്വാസം പകരുന്നു. പരമ്പരാഗത തമിഴ് വേഷമായ വേഷ്ടിയും വെള്ളഷർട്ടും അംഗവസ്ത്രവുമണിഞ്ഞാണ് ഷിക്കൊപ്പം ചരിത്രസ്മാരകങ്ങൾ കാണാൻ മോഡിയെത്തിയത്. ഷിയാകട്ടെ പുറംകുപ്പായമൊഴിവാക്കി വെള്ളഷർട്ടും കറുത്ത പാന്റ്‌സുമണിഞ്ഞെത്തി. അർജുന തപസ്സ്, കൃഷ്ണന്റെ വെണ്ണക്കല്ല്, പഞ്ചരഥം, കടൽക്കരക്ഷേത്രം എന്നിവ ഇരുവരും നടന്നുകണ്ടു. ഓരോ സ്മാരകത്തിന്റെയും പ്രത്യേകതയും പ്രാധാന്യവും മോഡി, ഷിക്ക് വിവരിച്ചുകൊടുത്തു. പരിഭാഷകരും ഒപ്പമുണ്ടായിരുന്നു.

പഞ്ചരഥത്തിനുസമീപം 15 മിനിറ്റ് ഇരുവരും വിശ്രമിച്ചു. കരിക്കിൻവെള്ളം കുടിച്ച്, കുശലം പറഞ്ഞു. പിന്നീട് കടൽക്കരക്ഷേത്രത്തിലേക്കുപോയ ഇവർക്കൊപ്പം കലാപ്രകടനം കാണാൻ രണ്ടുരാജ്യത്തെയും നയതന്ത്രപ്രതിനിധികളുമുണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടോടെയാണ് ഷി ജിൻപിങ്, ചെന്നൈ വിമാനത്താവളത്തിലെത്തിയത്.

Exit mobile version