കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ കുടുക്കി ആദായനികുതി വകുപ്പ്

ബംഗളൂരു: കർണാടക കോൺഗ്രസിന് തിരിച്ചടി നൽകി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ നാലു കോടിയിലേറെ രൂപ പിടിച്ചെടുത്തെന്ന് റിപ്പോർട്ട്. വിവിധയിടങ്ങളിൽ റെയ്ഡ് ഇന്നും തുടരുകയാണ്. മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് റെയ്ഡ്.

വ്യാഴാഴ്ച നടന്ന റെയ്ഡിൽ 4.25 കോടി രൂപയുടെ അനധികൃത പണം കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചിരിക്കുന്നത്. ബംഗളൂരുവിലും തുമകൂരുവിലുമായി പരമേശ്വരയുമായി ബന്ധമുള്ള 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

പരമേശ്വരയെ കൂടാതെ മുൻ എംപി ആർഎൽ ജലപ്പയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്. 300 ലധികം ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡുകളിൽ പങ്കെടുക്കുന്നുണ്ട്. യോഗ്യതയില്ലാത്ത ആളുകൾക്ക് 50 ലക്ഷം മുതൽ 60 ലക്ഷം രൂപക്ക് മെഡിക്കൽ സീറ്റുകൾ വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

പണത്തിന് പുറമെ മെഡിക്കൽ അഡ്മിഷൻ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരമേശ്വരയുടെ സഹോദരന്റെ മകൻ ആനന്ദിന്റെ വീട്ടിലും പരമേശ്വരയുടെ ബന്ധുക്കൾ നടത്തുന്ന ട്രസ്റ്റിന്റെ കീഴിലുള്ള സിദ്ധാർത്ഥ മെഡിക്കൽ കോളേജിലുമാണ് ഇന്ന് റെയ്ഡ് നടന്നത്.

Exit mobile version