ഓരോ നീക്കവും ഇനി കേന്ദ്രസർക്കാരിന്റെ അറിവോടെ; വിദേശത്തും സ്വകാര്യതയില്ലാതെ ഗാന്ധി കുടുംബം

ഇനി മുതൽ മുഴുവൻ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സർക്കുലർ ഇറക്കിയത്.

ന്യൂഡൽഹി: രാഹുൽ ഗാന്ധി കംബോഡിയയിലേക്ക് യാത്ര തിരിച്ചതിനു പിന്നാലെ വിവിഐപികളുടെ സുരക്ഷാ മാനദണ്ഡത്തിൽ കടുത്ത നിയന്ത്രണങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. നെഹ്റു കുടുംബത്തിന്റെയടക്കം എസ്പിജി (സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങളാണ് മോഡി സർക്കാരിന്റെ പ്രത്യേക ഇടപെടലോടെ പുതുക്കിയിരിക്കുന്നത്. നേതാക്കളുടെ വിദേശ യാത്രകളിൽ ഇനി മുതൽ മുഴുവൻ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സർക്കുലർ ഇറക്കിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളിൽ മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. വിദേശയാത്രകളിൽ എവിടെയൊക്കെ സന്ദർശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങൾ അറിയിക്കണം. ഒരോ മിനിറ്റിലും സന്ദർശനത്തിന്റെ വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്.

വിദേശയാത്രകളിൽ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ കൂടെ കൂട്ടുകയും എത്തിയ ശേഷം തിരിച്ചയയ്ക്കുകയുമാണ് പതിവ്. സ്വകാര്യത പരിഗണിച്ച് എസ്പിജി ഒപ്പം വേണ്ടെന്ന നിലപാടാണ് നേതാക്കൾക്കുള്ളത്. എന്നാൽ, അതീവ സുരക്ഷ വേണ്ട സാഹചര്യത്തിൽ എസ്പിജിയെ പിൻവലിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് എസ്പിജി സുരക്ഷയുള്ളത്.

ഇതിനിടെ, കേന്ദ്രസർക്കാർ തീരുമാനം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version