രാജ്യത്തെ തൊഴിൽ സാഹചര്യം ഗുരുതരാവസ്ഥയിൽ; സാമ്പത്തികാവസ്ഥയും മോശം, റിപ്പോർട്ടുമായി റിസർവ് ബാങ്ക്

തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തുകയും ചെയ്തു.

ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ സാഹചര്യം അങ്ങേയറ്റം മോശമാണെന്ന് റിസർവ് ബാങ്കിന്റെ പ്രതിമാസ കോൺഫിഡൻസ് സർവേ. സെപ്റ്റംബറിൽ നടത്തിയ സർവേയിലാണ് 52.5 ശതമാനം പേരും രാജ്യത്തെ തൊഴിൽ സാഹചര്യത്തെ വിമർശിച്ചെന്ന് വ്യക്തമായിരിക്കുന്നത്. തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തുകയും ചെയ്തു.

2012ന് ശേഷം തൊഴിൽ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകൾ പ്രതികരിക്കുന്നത് ആദ്യമായാണ്. രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് 47.9 ശതമാനം പേരുടേയും അഭിപ്രായം. മുമ്പ് 2013ലായിരുന്നു രാജ്യത്തെ സാമ്പത്തിക അവസ്ഥയെത്തുറിച്ച് ഇത്രയും ആളുകൾ ആശങ്ക അറിയിച്ചത്. വരും വർഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. വിലക്കയറ്റം വർധിക്കുകയാണെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുകയായിരുന്നു. അതേസമയം, വരും വർഷങ്ങളിൽ വരുമാനത്തിൽ വർധനയുണ്ടായേക്കുമെന്ന പ്രതീക്ഷ 53 ശതമാനം പേരും പങ്കുവെച്ചു. 9.6 ശതമാനം മാത്രമാണ് വരുമാനം വർധിക്കുമെന്ന് പ്രതീക്ഷയില്ലാത്തവർ.

സാമ്പത്തികാവസ്ഥയിൽ നിരാശ പ്രകടമായതിനെ തുടർന്ന് ആളുകളുടെ വാങ്ങൽ ശേഷിയെ ബാധിച്ചു. സർവേയിൽ പങ്കെടുത്ത 26.7 ശതമാനം പേരും അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി മാത്രമാണ് പണം ചെലവഴിക്കാൻ താൽപര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ വാഹന വിപണിയടക്കമുള്ള പല മേഖലകളും പ്രതിസന്ധിയിലായെന്നും റിപ്പോർട്ട് പറയുന്നു.

Exit mobile version