ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തന്‍വാര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ഡല്‍ഹി; തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ഹരിയാന കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഹരിയാന മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി കടുത്ത ആന്തരിക വൈരുദ്ധ്യങ്ങള്‍ അനുഭവിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ അശോക് തന്‍വാര്‍ ചൂണ്ടിക്കാട്ടുന്നു. രാജിവെച്ച വിവരം ട്വിറ്ററിലൂടെയാണ് തന്‍വാര്‍ അറിയിച്ചത്.

‘ഇപ്പോള്‍ കോണ്‍ഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാഷ്ട്രീയ എതിരാളികള്‍ മൂലമല്ല ഇത്. മറിച്ച്, ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാര്‍ട്ടി അനുഭവിക്കുന്നത്. ഏറെ മാസങ്ങളായുള്ള ആലോചനകള്‍ക്കു ശേഷമാണ് എന്റെ വിയര്‍പ്പും രക്തവും കൊണ്ട് വളര്‍ത്തിയ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത്. തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നാലു പേജുള്ള രാജിക്കത്തില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ തന്‍വാര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പണം നല്‍കിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നതെന്ന് ആരോപിച്ച് അശോക് തന്‍വാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം, നേരത്തെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സുതാര്യതയില്ലെന്നും സ്വന്തക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുന്നതെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് അഞ്ച് കോടി രൂപക്കാണെന്നും ആരോപിച്ചാണ് തന്‍വാര്‍ പ്രതിഷേധിച്ചത്. ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ് റോബോര്‍ട്ട് വദ്രക്ക് വേണ്ടി സീറ്റ് വിറ്റുവെന്ന ഗുരുതര ആരോപണമാണ് അശോക് തന്‍വാര്‍ ഉന്നയിച്ചത്.

ബിജെപിയല്ല കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നും തന്‍വാര്‍ പറഞ്ഞിരുന്നു.
ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. ബിജെപി തന്നെ ക്ഷണിച്ചെങ്കിലും താന്‍ ഒരിക്കലും അവരുടെ പാളയത്തില്‍ പോകില്ലെന്നും തന്‍വാര്‍ പറഞ്ഞിരുന്നു.

ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് അനുയായികളുമായി ദേശീയ നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കാന്‍ അശോക് തന്‍വാര്‍ എത്തിയത്.

പാര്‍ട്ടിയിലെ ഉന്നതനും, മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി അശോക് തന്‍വാര്‍ ഏറെക്കാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി തോറ്റതോടെ അശോക് തന്‍വാറിനെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അശോക് തന്‍വാര്‍ പുറത്തായിരുന്നു. പിന്നാലെയാണ് യുദ്ധ പ്രഖ്യാപനവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയത്.തന്‍വാറിന് പകരം കുമാരി ഷെല്ജകയെയാണ് അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുത്തു.

Exit mobile version