കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് ചാടി; യുവതി വന്ന് വീണത് പ്രഭാത സവാരിക്കായി ഇറങ്ങിയ വയോധികന്റെ മുകളില്‍, ഇരുവരും തല്‍ക്ഷണം മരിച്ചു

മംമ്തയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം.

അഹമ്മദാബാദ്: കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് ചാടിയ യുവതി വന്ന് വീണത് വയോധികന്റെ മുകളില്‍. ഇരുവരും തല്‍ക്ഷണം മരിച്ചു. അഹമ്മദാബാദിലെ അമരൈവാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. മംമ്ത ഹന്‍സ് രാജ് രതി(30)യാണ് മുകളില്‍ നിന്ന് ചാടിയത്. മംമ്ത വന്ന് വീണത് ബാലു ഗമിതു(69)വിന്റെ മുകളിലുമാണ്.

മംമ്തയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം. സൂറത്തിലെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിന്റെ 14ാം നിലയിലാണ് ഇവര്‍ താമസിക്കുന്നത്. പതിമൂന്നാം നിലയില്‍ താമസിക്കുന്ന സഹോദരന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു മംമ്തയും ഭര്‍ത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്. ഇതിനിടയില്‍ താഴേയ്ക്ക് ചാടുകയായിരുന്നു. ഈ സമയം പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ബാലു.

രാവിലെയുള്ള പതിവ് നടപ്പിനിടെയാണ് ബാലുവിന്റെ മുകളിലേക്ക് യുവതി വീണത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്ക്കേറ്റ ഗുരുതരപരിക്കിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു. റിട്ട. അധ്യാപകനാണ് അദ്ദേഹം. 2011 ലാണ് മംമ്ത വിവാഹിതയായത്. ഭര്‍ത്താവ് സൂറത്തില്‍ വസ്ത്രവ്യാപാരിയാണ്. അടുത്തിടെയാണ് മംമ്ത മാനസിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനാരംഭിച്ചതെന്ന് പോലീസ് പറയുന്നു.

Exit mobile version