മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലയാളി ജോര്‍ജ് എബ്രഹാം

മുംബൈ നഗരത്തില്‍ ഉള്‍പ്പെടുന്ന കലീന മണ്ഡലത്തിലാണ് എയര്‍ ഇന്ത്യ യൂണിയന്‍ നേതാവുകൂടിയായ ജോര്‍ജ് ജനവിധി തേടുക

മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളി. എറണാകുളം സ്വദേശിയായ ജോര്‍ജ് എബ്രഹാമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മുംബൈ നഗരത്തില്‍ ഉള്‍പ്പെടുന്ന കലീന മണ്ഡലത്തിലാണ് എയര്‍ ഇന്ത്യ യൂണിയന്‍ നേതാവുകൂടിയായ ജോര്‍ജ് ജനവിധി തേടുക.

എറണാകുളം വരാപ്പുഴ വിതയത്തില്‍ കുടുംബാംഗമാണ് ജോര്‍ജ് എബ്രഹാം. മുമ്പ് അദ്ദേഹം മൂന്നുതവണ ബോംബെ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭയിലേക്ക് ആദ്യമായിട്ടാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് കലീന. മുമ്പും ഇവിടെ മലയാളികള്‍ മത്സരിച്ചിട്ടുണ്ട്.

നേരത്തെ 1980-കളില്‍ മലയാളിയായ സിഡി ഉമ്മച്ചന്‍ ഇവിടെനിന്ന് രണ്ടുതവണ എംഎല്‍എയായിട്ടുണ്ട്. അന്ന് മണ്ഡലത്തിന്റെ പേര് സാന്താക്രൂസ് എന്നായിരുന്നു. ഉമ്മച്ചനുശേഷം അദ്ദേഹത്തിന്റെ ഭാര്യ നാന്‍സി ഉമ്മച്ചന്‍ ഇവിടെനിന്ന് മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. അതിനുശേഷം കൊച്ചി സ്വദേശിനി ആനി ശേഖര്‍ കൊളാബാ മണ്ഡലത്തില്‍നിന്ന് എംഎല്‍എ ആയി. പിന്നീട് മലയാളികളാരും നിയമസഭയിലെത്തിയിട്ടില്ല.

Exit mobile version