കേന്ദ്രമന്ത്രിയുടെ വസതിയില്‍ മോഷണം; കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തി; വീട്ടുജോലിക്കാരന്‍ പിടിയില്‍

ഇയാള്‍ വീട്ടു സാധനങ്ങള്‍ മോഷ്ടിക്കുകയും വീട്ടിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

മുംബൈ: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ മോഷണം നടത്തിയ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. വിഷ്ണു കുമാര്‍ എന്ന 25 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ വീട്ടു സാധനങ്ങള്‍ മോഷ്ടിക്കുകയും വീട്ടിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് എടുത്തു. സെപ്റ്റംബര്‍ 19 നാണ് ഗോയലിന്റെ മുംബൈയിലെ വീട്ടില്‍ മോഷണം നടക്കുന്നത്. യാത്രയിലായിരുന്ന ഗോയലിന്റെ ഭാര്യ മുംബൈയിലെ വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസിലായത്. കൂടാതെ, വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്നും ചില വിവരങ്ങള്‍ ഇമെയില്‍ വഴി മറ്റൊരാള്‍ക്ക് കൈമാറിയതായും വ്യക്തമായി.

അതോടൊപ്പം വീട്ടിലെ ജോലിക്കാരനായ വിഷ്ണു കുമാറിനെ കാണ്മാനുമുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനും മറ്റുമായി ഇയാളെ മുംബൈയിലേക്ക് കൊണ്ടു വന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ ഇയാളെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version