ഉള്ളി വില കുതിച്ചുയരുന്നു; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ഭയത്തില്‍ മഹാരാഷ്ട്ര ബിജെപി

. വില കുറയ്ക്കാനുള്ള നടപടികള്‍ കര്‍ഷകരെ എതിര്‍പക്ഷത്താക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്.

മുംബൈ: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഉള്ളിവില തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവാതിരിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ബിജെപി. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നിട്ടും താങ്ങാനാവുന്നതിലും അപ്പുറമാണ് മഹാരാഷ്ട്രയിലെ ഉള്ളി വില. വില കുറയ്ക്കാനുള്ള നടപടികള്‍ കര്‍ഷകരെ എതിര്‍പക്ഷത്താക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്.

1998ല്‍ ഡല്‍ഹിയിലെ സുഷമ സ്വരാജ് സര്‍ക്കാരിനെ താഴെ ഇറക്കിയതില്‍ പ്രധാന ഘടകം ഉള്ളി വിലയ്‌ക്കെതിരായ ജനരോഷമായിരുന്നു. സമാന പ്രതിസന്ധിയിലൂടെ ഉത്തരേന്ത്യയിലെ സര്‍ക്കാരുകള്‍ പലതവണ കടന്ന് പോയി. ഉള്ളി കയറ്റുമതിയിലൂടെ ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

പക്ഷേ ഈ മുന്‍കാല ചരിത്രങ്ങള്‍ ഇപ്പോള്‍ ഫഡ്‌നാവിസ് സര്‍ക്കാരിനെ പേടിപ്പിക്കുന്നുണ്ടാവും. മറ്റെവിടെ ഉള്ളി വില ഉയര്‍ന്നാലും മഹാരാഷ്ട്രയെ അത് ബാധിക്കില്ലെന്നായിരുന്നു വയ്പ്. എന്നാല്‍ ഇപ്പോള്‍ കിലോയ്ക്ക് വില അറുപതും കടന്ന് കുതിക്കുകയാണ്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ച് വില നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയത്. എന്നിട്ടും വില കാര്യമായി കുറഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം. അതേസമയം ഉള്ളി വില കുറയ്ക്കാന്‍ ശ്രമിക്കുന്നതിനെതിരെ നാസിക്കില്‍ കര്‍ഷകര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വില ഇടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഉള്ളി വില്‍പ്പന നടത്തില്ലെന്നാണ് മുന്നറിയിപ്പ്. ഇതും സര്‍ക്കാരിന് ഭീഷണിയാണ്.

Exit mobile version