ദേശീയപാത വികസനം സംബന്ധിച്ച് അനാസ്ഥ തുടര്‍ന്നാല്‍ സസ്‌പെന്‍ഷന്‍; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരെ ശാസിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ വെച്ച് ശാസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ധാരണ ഉത്തരവായി ഇറക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി ശാസിച്ചത്. ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും നിതിന്‍ ഗഡ്കരി മുന്നറിയിപ്പ് നല്‍കി.

ദേശീയപാത വികസനം സംബന്ധിച്ച തുടര്‍ നടപടികള്‍ നീണ്ടുപോകുന്നത് സംബന്ധിച്ച നിവേദനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അടുത്തെത്തിയത്. പരാതി ഉന്നയിക്കും മുന്‍പുതന്നെ വിഷയം തിരിച്ചറിഞ്ഞ കേന്ദ്രമന്ത്രി രൂക്ഷഭാഷയിലാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ ശാസിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ഒരു ആവശ്യവുമായി ആവര്‍ത്തിച്ച് ഡല്‍ഹിയില്‍ എത്തേണ്ടിവരുന്നത് അപമാനകരമാണ്.

ദേശീയപാത ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ധാരണ ഉത്തരവായി ഉടന്‍ ഇറക്കണം. അല്ലാത്തപക്ഷം സസ്‌പെന്‍ഷന്‍ നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി. ദേശീയപാത വികസനം വൈകാന്‍ കാരണം ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണെന്ന് വ്യക്തമാകുന്നു എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ഉത്തരവ് ഇറങ്ങിയാല്‍ ഒന്‍പതാം തീയതി കരാറില്‍ ഒപ്പുവയ്ക്കും എന്നാണ് വിവരം. കുതിരാന്‍ തുരങ്കം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും സാഗര്‍ മാല പദ്ധതിയുമായി ബന്ധപ്പെട്ട് പതിനൊന്ന് തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതിന് വിശദ്ധമായ പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ടെന്നും ഗഡ്ക്കരി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version