വെള്ളംനിറഞ്ഞ റോഡില്‍ നിന്ന് ഫോട്ടോ ഷൂട്ട്; നാടെങ്ങും ദുരിതത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രശസ്തിയ്ക്ക് വേണ്ടിയെന്ന് വിമര്‍ശനം; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ

ദുരിതബാധിതപ്രദേശങ്ങളുടെ അവസ്ഥ നിസാരവത്കരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

വെള്ളംനിറഞ്ഞ റോഡില്‍ നിന്നും ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാനചര്‍ച്ചാവിഷയം. പ്രളയസമാനമായ അന്തരീക്ഷം തുടരുന്ന ബിഹാറിലെ പട്‌ന ലൊക്കേഷനാക്കിയായിരുന്നു ഫോട്ടോ ഷൂട്ട്. ദുരിതബാധിതപ്രദേശങ്ങളുടെ അവസ്ഥ നിസാരവത്കരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഫോട്ടോഗ്രാഫര്‍ സൗരവ് അനുരാജാണ്‌ അദിതി സിങ് എന്ന വിദ്യാര്‍ഥിനിയുടെ ഫോട്ടോകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ‘മെര്‍മെയ്ഡ് ഇന്‍ ഡിസാസ്റ്റര്‍'(Mermaid in Disaster) എന്ന പേരിലാണ് സൗരവ് അനുരാജ് ഫോട്ടോകള്‍ പങ്കുവെച്ചത്. മരങ്ങള്‍ കടപുഴകി വീണ, വെള്ളം ഒഴുകുന്ന റോഡില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് അദിതി സിങ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഫോട്ടോ വൈറലായി. തുടര്‍ന്ന് നിരവധി പേരാണ് ഫോട്ടോകളെ വിമര്‍ശിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. വെള്ളം കയറി നാടെങ്ങും ദുരിതത്താല്‍ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ പ്രശസ്തിയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. പ്രകൃതിക്ഷോഭത്തെ കാല്‍പനികമായ കാര്യങ്ങള്‍ക്കായി നിസാരവല്ക്കരിച്ചതിന് സൗരവിനെ ചീത്തപറഞ്ഞവരും ധാരാളമാണ്.

എന്നാല്‍ ഫോട്ടോകള്‍ നന്നായിട്ടുണ്ടെന്ന് അഭിപ്രായമുയര്‍ത്തിയവരും നിരവധിയാണ്. പട്‌നയുടെ നിലവിലെ സാഹചര്യം രേഖപ്പെടുത്തണമെന്ന ലക്ഷ്യം മുന്നിര്‍ത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്നും അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും സൗരവ് ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version