തർക്കം അവസാനിക്കുന്നു; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റ് പ്രഖ്യാപനം ഉടൻ

ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന വാർത്തസമ്മേളനത്തിലായിരിക്കും ഔദ്യോഗികമായി അറിയിക്കുക.

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി ഏറെ ദിവസത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ബിജെപി-ശിവസേന സഖ്യത്തിൻറെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ. 50:50 എന്ന ശിവസേനയുടെ ആവശ്യം ബിജെപി തള്ളി. ആർപിഐ(അത്താവാലെ ഗ്രൂപ്), രാഷ്ട്രീയ സമാജ് പക്ഷ തുടങ്ങിയ ചെറുപാർട്ടികളേയും പരിഗണിച്ചു. നാല് ചെറു പാർട്ടികൾക്കും ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്. അന്തിമ സീറ്റ് വിഭജനത്തെ കുറിച്ച് ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന വാർത്തസമ്മേളനത്തിലായിരിക്കും ഔദ്യോഗികമായി അറിയിക്കുക.

ബിജെപിയും ശിവസേനയും 144 സീറ്റു വീതം പങ്കിട്ട ശേഷം ബാക്കി സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്ക് നൽകിയാൽ മതിയെന്നായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാൽ, ഈ നിർദേശം ബിജെപി സ്വീകരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ബിജെപി 162 സീറ്റിൽ മത്സരിക്കുമെന്ന് തീരുമാനമെടുത്തത്. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി 122 സീറ്റ് നേടിയപ്പോൾ ശിവസേന 63 സീറ്റിലൊതുങ്ങിയിരുന്നു. ഒക്ടോബർ 21നാണ് നിയമസഭാ തെരഞ്ഞെടുപ്പ്.

വർളിയിൽ മത്സരിക്കുന്ന ആദിത്യ താക്കറെയെ വിജയിച്ച് ഭരണത്തിലെത്തിയാൽ ഉപമുഖ്യമന്ത്രിയാക്കണമെന്ന ശിവസേനയുടെ ആവശ്യം ഏറെക്കുറെ ബിജെപി അംഗീകരിച്ചിട്ടുണ്ട്. അതേസമയം, ശിവസേനക്ക് സീറ്റ് കുറഞ്ഞുപോയെന്ന അമർഷം പാർട്ടിക്ക് ഉള്ളിലുണ്ട്.

Exit mobile version