ഐഐടി എംടെക് കോഴ്‌സുകളിലെ ഫീസ് വര്‍ധന; നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാവില്ല

സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് ഫീസില്‍ ഇളവ് നല്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

ന്യൂഡല്‍ഹി: ഐഐടികളിലെ ഫീസ് വര്‍ധന നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാവില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം. ഐഐടികളില്‍ എംടെക് കോഴ്സുകള്‍ക്ക് ഫീസ് വര്‍ധനവിന് ഐഐടി കൗണ്‍സില്‍ വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് ഫീസില്‍ ഇളവ് നല്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ പാതിയില്‍വെച്ച് കോഴ്‌സ് നിര്‍ത്തിപ്പോകുന്ന പ്രവണ ഒഴിവാക്കാനാണ് ഫീസ് വര്‍ധിപ്പിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പുതിയ അധ്യായനവര്‍ഷത്തില്‍ കോഴ്‌സിന് ചേരുന്നവര്‍ക്കായിരിക്കും ഫീസ് വര്‍ധനവ് ബാധകമാവുക. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഫീസ് ഇളവുകളും സ്‌കോളര്‍ഷിപ്പുകളും തുടരും.

നിലവില്‍ 20,000 മുതല്‍ 50,000 രൂപ വരെയാണ് പ്രതിവര്‍ഷം ഐഐടികളില്‍ എംടെക് കോഴ്‌സിന് ഈടാക്കുന്ന ഫീസ്. ബിടെക് കോഴ്‌സുകള്‍ക്ക് തുല്യമായ ഫീസ് എംടെക് കോഴ്‌സുകള്‍ക്കും ഏര്‌പ്പെടുത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ എംടെക് കോഴ്‌സുകളുടെ ഫീസ് പ്രതിവര്‍ഷം രണ്ട് ലക്ഷമായി ഉയരും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി എല്ലാ ഐഐടികളിലും ബിടെക് പ്രോഗ്രാമുകളിലേതിന് സമാനമായ ഫീസ് എംടെക് കോഴ്‌സുകള്‍ക്കും ഈടാക്കാനാണ് ശുപാര്‍ശ.

Exit mobile version