ഇന്ത്യയുടെ ചരിത്രം വളച്ചൊടിച്ചത്, അത് തിരുത്തി എഴുതാൻ സമയമായി; നെഹ്‌റുവിന്റേത് ഹിമാലയൻ മണ്ടത്തരമെന്നും അമിത് ഷാ

കാശ്മീർ പ്രശ്‌നത്തിന് കാരണം നെഹ്‌റുവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാൻ സമയമായെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ടതാണെന്നും രാജ്യചരിത്രം തിരുത്തിയെഴുതേണ്ട സമയമായെന്നും അമിത് ഷാ പറഞ്ഞു. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംഘടന സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കവെയാണ് അമിത് ഷായുടെ പ്രസ്താവന. മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനേയും കുറ്റപ്പെടുത്താൻ അമിത് ഷാ മറന്നില്ല. കാശ്മീർ പ്രശ്‌നത്തിന് കാരണം നെഹ്‌റുവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1948ൽ യുഎന്നിലേക്ക് കാശ്മീർ വിഷയം കൊണ്ടുപോയത് ജവാഹർലാൽ നെഹ്‌റു ചെയ്ത ഹിമാലയൻ മണ്ടത്തരമാണെന്നു ഷാ പറഞ്ഞു. അധികാരത്തിലിരിക്കുമ്പോൾ അബദ്ധങ്ങൾ കാണിച്ചവരാണ് നമ്മുടെ ചരിത്രം എഴുതിയത്. ഒരു പാടു കാര്യങ്ങൾ അവർ മറച്ചുവച്ചു. ആ ചരിത്രം തിരുത്തിയെഴുതി പുതിയ ചരിത്രം ജനങ്ങൾക്കു നൽകേണ്ട സമയമായി. 1947 മുതൽ കാശ്മീർ നമ്മുടെ രാജ്യത്തിന്റെ വിവാദ വിഷയമായിരുന്നു. കാശ്മീർ വിഷയം യുഎന്നിലേക്കു കൊണ്ടുപോയതു വഴി നെഹ്‌റു വൻമണ്ടത്തരമാണു ചെയ്തത്. യഥാർഥത്തിൽ ഹിമാലയത്തേക്കാൾ വലിയ മണ്ടത്തരമായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു.

പാകിസ്താൻ സേന പാക് അധിനിവേശ കാശ്മീരിലെത്തിയപ്പോഴാണ് ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതില്ലായിരുന്നെങ്കിൽ ഇന്നു പാക് അധീന കാശ്മീർ ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇതൊന്നും നമ്മുടെ ചരിത്രത്തിൽ വന്നില്ല – വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സംഘടന സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കവെ അമിത് ഷാ പറഞ്ഞു.

Exit mobile version