മഹാരാഷ്ട്രയിൽ ബിജെപിയെ കാത്ത് നിൽക്കാതെ ശിവസേന; സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത്

സ്ഥാനാർത്ഥികൾക്ക് വരണാധികാരിക്ക് മുമ്പിൽ സമർപ്പിക്കേണ്ട ഫോറം പാർട്ടി അധ്യക്ഷൻ കൈമാറുകയായിരുന്നു.

മുംബൈ: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയിൽ സഖ്യമുണ്ടാക്കുമോ എന്ന ചർച്ചകൾക്ക് ഒന്നും സമയം നൽകാതെ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ച് ശിവസേന. ബിജെപിയുമായുള്ള സഖ്യത്തിൽ അന്തിമ തീരുമാനമാകും മുമ്പാണ് ശിവസേന ആദ്യപട്ടിക പുറത്തുവിട്ടത്. നിലവിൽ ബിജെപിയുമായി തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വരണാധികാരിക്ക് മുമ്പിൽ സമർപ്പിക്കേണ്ട ഫോറം പാർട്ടി അധ്യക്ഷൻ കൈമാറുകയായിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും സംയുക്തമായി വാർത്തസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ബിജെപി തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്ക് ഫോറം വിതരണം ചെയ്ത് സേന സമ്മർദ്ദതന്ത്രം പ്രയോഗിക്കുകയായിരുന്നു.

ആഭ്യന്തര സഹമന്ത്രി ദീപക് കസേകർ ഉൾപ്പെടെ ഏതാനും സിറ്റിങ് എംഎൽഎമാർക്കാണ് ഉദ്ധവ് ഫോറം നൽകിയത്. അതേസമയം, മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനടക്കം 51 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. എംപിസിസി അധ്യക്ഷൻ ബാലസാഹെബ് തൊറാട്ട്, പ്രതിപക്ഷ നേതാവ് കെസി പട്‌വി, സുശീൽകുമാർ ഷിണ്ഡെയുടെ മകൾ പ്രണതി ഷിണ്ഡെ തുടങ്ങിയവരും പട്ടികയിലുണ്ട്. 125 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 125 സീറ്റുകളിൽ എൻസിപിയും.

Exit mobile version