പ്രളയത്തില്‍ തകര്‍ന്ന് ഉത്തരേന്ത്യ; ആശുപത്രികളില്‍ വെള്ളം കയറി ദുരിതത്തിലായി രോഗികള്‍, മരണസംഖ്യ 73 ആയി

പാട്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ വെള്ളം കയറിയതിനാല്‍ രോഗികളും ദുരുതത്തിലായിരിക്കുകയാണ്

ബിഹാര്‍: ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് വെള്ളപ്പൊക്കം. ശക്തമായ മഴയില്‍ ഗംഗാ നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഇതുവരെ കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ ജീവന്‍ പൊലിഞ്ഞത് 73 പേര്‍ക്കാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പാട്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളില്‍ വെള്ളം കയറിയതിനാല്‍ രോഗികളും ദുരുതത്തിലായിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണിത്. ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അധികൃതര്‍ രോഗികളെ മാറ്റി. സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

32 ബോട്ടുകളാണ് നഗരത്തിലെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്ത് ഉള്ളത്. വെള്ളപ്പൊക്കം കാരണം നിരവധി ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. വെള്ളപ്പൊക്കം കാരണം ബിഹാറിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രയാഗ്‌രാജ്, ലക്‌നൗ, അമേഠി എന്നിവിടങ്ങളാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

Exit mobile version