എടിഎം പണമിടപാട് പരാജയപ്പെട്ടാൽ ഇനി പണി ബാങ്കിന്; ഉപയോക്താവിന് പണം നൽകാൻ വൈകിയാൽ ദിവസവും 100 രൂപ വീതം പിഴ

ബാങ്ക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ആർബിഐ സർക്കുലർ.

ന്യൂഡൽഹി: ജനങ്ങളെ പിഴിയുന്ന ബാങ്കുകൾക്ക് തിരിച്ച് പണികൊടുത്ത് റിസർവ് ബാങ്ക്. എടിഎം വഴിയുള്ള പണമിടപാട് പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ബാങ്ക് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ആർബിഐ സർക്കുലർ.

ഉപഭോക്താവിന്റേതല്ലാത്ത വീഴ്ചകൊണ്ട് പരാജയപ്പെടുന്ന ഇടപാടുകൾക്കാണ് ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കുക. ആശയവിനിമയത്തിലെ പ്രശ്നങ്ങൾ, എടിഎമ്മിൽ പണമില്ലാത്തതുകാരണം ഇടപാട് പൂർത്തായാവാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. പരാതിപ്പെടാതേയും നഷ്ടപരിഹാരം നൽകണമെന്നാണ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ഇടപാട് പരാജയപ്പെട്ടാൽ അക്കൗണ്ടിൽ പണം തിരികെ എത്താറുണ്ടെങ്കിലും പണം തിരിച്ചെത്താത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഈ പരാതികൾ വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം. ഉപഭോക്താവ് പരാതി നൽകിയാലും ഇല്ലെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം.

എടിഎമ്മിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചു ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ പണം തിരികെ നൽകിയെന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും നൂറു രൂപ വീതം ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകണം. ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസം കഴിഞ്ഞാൽ ഓരോ ദിവസവും 100 രൂപവീതമാണ് പിഴ നൽകേണ്ടതെന്നും ആർബിഐ നിർദേശിക്കുന്നു.

Exit mobile version