മുൻ ഡയറക്ടർ അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥൻ സ്വയം വിരമിക്കലിന് ഒരുങ്ങുന്നു

സതീഷ് ദാഗറാണ് സ്വയം വിരമിക്കലിന് അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള കത്ത് സമർപ്പിച്ചത്.

ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ സ്വയംവിരമിക്കലിന് അപേക്ഷ നൽകി. അസ്താനയുടെ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന എസ്പി (സിബിഐ) സതീഷ് ദാഗറാണ് സ്വയം വിരമിക്കലിന് അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള കത്ത് സമർപ്പിച്ചത്.

ഓഗസ്റ്റ് 19നായിരുന്നു കത്ത് സമർപ്പിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സതീഷ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ, സതീഷിന്റെ അപേക്ഷ സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ല അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞവർഷം ഒക്ടോബർ 15നാണ് അസ്താനയ്ക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ക്ലീൻ ചിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹൈദരാബാദ് സ്വദേശിയായ വ്യാപാരിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്കെതിരായ പരാതി. കേസിൽ നാലുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഡൽഹി ഹൈക്കോടതി മേയ് 31ന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണോദ്യോഗസ്ഥന്റെ വിരമിക്കൽ.

Exit mobile version