14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 27 ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി റെയില്‍വേ. എറണാകുളം- തിരുവനന്തപുരം റൂട്ടിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെ രാജ്യത്തെ 14 ഇന്റര്‍സിറ്റി ട്രെയിനുകളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 27 ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഇന്റര്‍സിറ്റി ട്രെയിനുകളുടെ നടത്തിപ്പു ചുമതല സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ട് വെച്ചു. ടിക്കറ്റ് വില്‍പ്പന, കോച്ചിലെ സൗകര്യങ്ങള്‍, ഡിസൈന്‍ പരിഷ്‌കാരം, ഭക്ഷണസംവിധാനം തുടങ്ങിയ ചുമതലകളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. 2023-24 കാലയളവില്‍ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യമേഖലയ്ക്ക് നല്കുമെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ യാത്രാ ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. വിനോദസഞ്ചാരം, തീര്‍ത്ഥാടനം തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളെയായിരുന്നു സ്വകാര്യവത്കരിക്കുന്നതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ കരടുരേഖയില്‍ 14 ഇന്റര്‍സിറ്റി ട്രെയിനുകളും ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, സെക്കന്‍ന്തരാബാദ് സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയും ഉള്‍പ്പെട്ടു.

ഈ ട്രെയിനുകളുടെ നടത്തിപ്പു ചുമതല സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിര്‍ദേശവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിളിച്ച ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുക്കും.

Exit mobile version