സിദ്ധരാമയ്യയുടെ കൂട്ടിലെ തത്തയല്ല താൻ; തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് സിദ്ധരാമയ്യ തന്നെ മറുപടി പറയണം; ആഞ്ഞടിച്ച് കുമാരസ്വാമി

മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് സിദ്ധരാമയ്യ തന്നെ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ വീണതിനു പിന്നാലെ ആരംഭിച്ച തമ്മിൽ തല്ല് മുറുകുന്നു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ മുൻ മുഖ്യമന്ത്രി കുമാരസ്വാമി വീണ്ടും രംഗത്തെത്തി.

സിദ്ധരാമയ്യ വളർത്തിയ തത്തയല്ല താനെന്നും തന്നെ മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസിന്റെ ദേശീയ നേതൃത്വമാണെന്നും കുമാരസ്വാമി ആഞ്ഞടിച്ചു. സംസ്ഥാനത്തെ കോൺഗ്രസിന്റെ നാടകത്തെ കുറിച്ച് താൻ ബോധവാനായിരുന്നു. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിലെ തോൽവിയെക്കുറിച്ച് സിദ്ധരാമയ്യ തന്നെ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ മാണ്ഡ്യ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് കാരണം കോൺഗ്രസ് ദേശീയ നേതൃത്വമല്ലെന്നും സിദ്ധരാമയ്യ പാർട്ടിയെ നയിച്ചതുകൊണ്ടാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു. ‘കോൺഗ്രസ് നേതാക്കൾ എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാണ്. മൈസൂരിൽ തോറ്റതിന് സിദ്ധരാമയ്യ മാത്രമാണ് കാരണം. ഞങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി ആത്മാർത്ഥമായി പ്രവർത്തിച്ചു. അത് ഞങ്ങൾക്ക് തിരിച്ച് ലഭിച്ചില്ല.’- കുമാരസ്വാമി പറയുന്നു. എന്നാൽ, കുമാരസ്വാമി ആലോചിക്കാതെ എന്തൊക്കേയോ വിളിച്ചുപറയുകയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

Exit mobile version