ഉപദേശകരുടെ എണ്ണം 12; അമരിന്ദര്‍ സിങ് പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് പ്രതിവര്‍ഷം എട്ടു കോടി രൂപ

ഉപദേശകരില്‍ ഓരോരുത്തര്‍ക്കും അറുപതു ലക്ഷം രൂപയോളമാണ് ഖജനാവില്‍നിന്നു ചെലവഴിക്കേണ്ടിവരുന്നത്

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഉപദേശകര്‍ക്കായി പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് പ്രതിവര്‍ഷം എട്ടു കോടി രൂപ. പന്ത്രണ്ട് ഉപദേശകരാണ് അമരിന്ദര്‍ സിങ്ങിനുള്ളത്. ഉപദേശകരില്‍ ഓരോരുത്തര്‍ക്കും അറുപതു ലക്ഷം രൂപയോളമാണ് ഖജനാവില്‍നിന്നു ചെലവഴിക്കേണ്ടിവരുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ് ഇത്. പ്രതിഷേധ സ്വരം ഉയര്‍ത്തി ആറ് എംഎല്‍എമാര്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ അനുനയിപ്പിക്കാന്‍ കാബിനറ്റ് പദവി നല്കി ഉപദേശകരായി നിയമിച്ചു. ഇതോടെയാണ്, മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം 12ല്‍ എത്തിയത്.

കാബിനറ്റ് പദവിയുള്ള ഉപദേശകര്‍ക്ക് പ്രതിമാസ ശമ്പളം ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ്, സഹമന്ത്രി പദവിയിലുള്ളവര്‍ക്ക് ഒന്നര ലക്ഷം രൂപയും. വര്‍ഷത്തില്‍ ആകെ എട്ടു കോടിയോളം രൂപയാണ് ഉപദേശകര്‍ക്കായി ഉപയോഗിക്കേണ്ടി വരുന്നത്.

നേരത്തെ കാബിനറ്റ് പദവിയോടെ സീനിയര്‍ ഉപദേശകനായി ലഫ്. ജനറല്‍ (റിട്ട) ടിഎസ് ഷെര്‍ഗിലിനെ നിയമിച്ചിരുന്നു. രവീണ്‍ തുക്രായിയെ മാധ്യമ ഉപദേശകനായും വികെ ഗാര്‍ഗിനെ ഫിനാന്‍ഷ്യല്‍ ഉപേദശനായും തുടക്കത്തില്‍ തന്നെ നിയമിച്ചു. ഇവര്‍ക്കു പുറമേ ഭരത് ഇന്ദര്‍ സിങ്ങും സഹമന്ത്രി പദവിയുള്ള ഉപദേശകരാണ്.

നേരത്തെ പ്രകാശ് സിങ് ബാദലിന്റെ സാങ്കേതിക ഉപദേശകനായിരുന്ന ലഫ്. ജനറല്‍ (റിട്ട) ബിഎസ് ധരിവാലിനെ അമരിന്ദര്‍ മുഖ്യമന്ത്രിയായപ്പോഴും നിലനിര്‍ത്തി. റിട്ട. ഐജിപി ഖുബ്ലി രാം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേശകനാണ്. അഡീഷനല്‍ ഡിജിപി തസ്തികയിലാണ് നിയമനം.

ഇവര്‍ക്കു പുറമേ നാല് എംഎല്‍എമാരെ രാഷ്ട്രീയ ഉപദേശകരായാണ് നിയമിച്ചത്. രണ്ടു പേരെ പ്ലാനിങ് ഉപദേശകാരും. കുശാല്‍ദീപ് സിങ് ധില്ലന്‍, അമരിന്ദര്‍ രാജ വാറിങ്, സംഗത് സിങ് ഗ്ലിസിയന്‍ഇന്ദര്ബിര്‍ സിങ് ബൊലാരിയ എന്നിവരാണ് രാഷ്ട്രീയ ഉപദേശകര്‍. കുല്‍ജീത് സിങ് നാഗ്ര, തര്‍സെ സിങ് എന്നിവര്‍ പ്ലാനിങ് ഉപദേശകര്‍.

Exit mobile version