കാശ്മീരിൽ നേതാക്കളുടെ വായമൂടിക്കെട്ടി കേന്ദ്രം; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചാൽ തടങ്കലിൽ നിന്നും മോചനം; വിചിത്ര ഉടമ്പടി ഒപ്പിട്ടുവാങ്ങി മോചിപ്പിക്കൽ തുടരുന്നു

ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് ഉൾപ്പെടെ 6 പേർ ഇതുവരെ ഇങ്ങനെ പുറത്തിറങ്ങി.

ന്യൂഡൽഹി: ആർട്ടിക്കിൾ 371 എ റദ്ദാക്കിയതിനു പിന്നാലെ കാശ്മീരിൽ തടവിലാക്കിയ നേതാക്കളുടെ മോചനം വൈകുന്നു. ഇതിനിടെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു വിട്ടുനിൽക്കണമെന്ന ഉടമ്പടി ഒപ്പിട്ടുവാങ്ങിയാണ് രാഷ്ട്രീയ നേതാക്കളെ കേന്ദ്രം മോചിപ്പിക്കുന്നത്. ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് ഉൾപ്പെടെ 6 പേർ ഇതുവരെ ഇങ്ങനെ പുറത്തിറങ്ങി.

നാഷനൽ കോൺഫറൻസിലെ രണ്ടു നേതാക്കളും പിഡിപിയുടെയും പീപ്പിൾസ് കോൺഫറൻസിന്റെയും ഓരോ നേതാക്കളും ഇത്തരത്തിൽ പുറത്തിറങ്ങി. എന്നാൽ പീപ്പിൾ കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോൺ, പിഡിപി യൂത്ത് വിങ് നേതാവ് വഹീദ് പാര, ഐഎഎസ് വിട്ട് ഈയിടെ രാഷ്ട്രീയത്തിലെത്തിയ ഷാ ഫൈസൽ എന്നിവർ ബോണ്ട് ഒപ്പിട്ടു മോചനം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരടക്കം കഴിഞ്ഞമാസം ആദ്യം മുതൽ വീട്ടുതടങ്കലിലായിരുന്നു. കോടതി ഇടപെടലിലൂടെ മുതിർന്ന സിപിഎം നേതാവ് യൂസഫ് തരിഗാമി മാത്രമാണ് മോചിതനായത്.

അതേസമയം, ബോണ്ടെന്ന പേരിൽ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള തന്ത്രമാണെന്ന വിമർശനവും ശക്തമാണ്. ഇത്തരത്തിൽ ബോണ്ട് ഒപ്പിട്ട് മോചിതരായവർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നു മാത്രമല്ല, രാഷ്ട്രീയ പ്രസംഗങ്ങൾ പോലും ഇവർക്കു നടത്താനാകില്ല. ലംഘിക്കുന്ന പക്ഷം, അറസ്റ്റ് ചെയ്യാം. മുപ്പതിലേറെ നേതാക്കൾ ബോണ്ടിൽ ഒപ്പിടാൻ തയാറായിട്ടില്ലെന്നും വിവരമുണ്ട്. താത്ക്കാലിക ജയിലായി മാറിയ സർക്കാർ ഉടമസ്ഥതയിലുള്ള സെന്റുർ ഹോട്ടലിലാണ് ഇവരുള്ളത്.

Exit mobile version