‘ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല, എങ്ങനെ നോക്കിയാലും ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിന്’; ഡിഎംകെ നേതാവ്

തമിഴ് ശ്രീലങ്കയുടെയും സിംഗപ്പൂരിന്റെയും ഇന്ത്യയുടെയും ഔദ്യോഗിക ഭാഷയാണ്

ചെന്നൈ: ഹിന്ദിയേക്കാള്‍ ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിനാണ് കൂടുതലെന്ന് ഡിഎംകെ പാര്‍ലമെന്റ് അംഗവും വക്താവുമായ ടികെഎസ് ഇളങ്കോവന്‍. ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം അറിയിക്കുന്ന ഒരു ഭാഷ വേണമെങ്കില്‍ ഏറ്റവും യോജ്യം തമിഴാണെന്ന് ഇളങ്കോവന്‍ പറഞ്ഞു. ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ലെന്നും ഡിഎംകെ നേതാവ് വ്യക്തമാക്കി.

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ വ്യക്തിത്വത്തെ ഡിഎംകെ പിന്തുണയ്ക്കുന്നുവെന്നും
രാജ്യത്തിന്റെ വ്യക്തിത്വം ലോകത്തിനു മുന്നില്‍ വെളിവാക്കുന്ന ഏക ഭാഷ ഹിന്ദിയേക്കാള്‍ തമിഴാണെന്നും ഇളങ്കോവന്‍ പറഞ്ഞു. തമിഴ് ശ്രീലങ്കയുടെയും സിംഗപ്പൂരിന്റെയും ഇന്ത്യയുടെയും ഔദ്യോഗിക ഭാഷയാണ്.

കൂടാതെ ലോകത്തെ തന്നെ ഏറ്റവും പഴയ ഭാഷകളില്‍ ഒന്നാണ് തമിഴ്. അതിനു ക്ലാസിക്കല്‍ ഭാഷാ പദവിയുമുണ്ട്. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത്ര തന്നെ ആളുകള്‍ ഹിന്ദി സംസാരിക്കാത്തവരുമുണ്ട്. ഹിന്ദി ഇതര സംസ്ഥാനങ്ങളാണ് സമ്പദ് വ്യവസ്ഥ, സാങ്കേതിക വിദ്യ, സാമൂഹ്യ ഘടകങ്ങള്‍ എന്നിവയിലെല്ലാം മുന്നിലെന്നും ഇളങ്കോവന്‍ പറഞ്ഞു.

എല്ലാംകൊണ്ടും ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല. ഹിന്ദിയേക്കാള്‍ ദേശീയ ഭാഷയാവാനുള്ള യോഗ്യത തമിഴിനാണെന്നും ഡിഎംകെ നേതാവ് പറഞ്ഞു.

Exit mobile version