പ്രധാനമന്ത്രിയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മലയാളി അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു, പകരം അധ്യാപകനെ നിയമിച്ച് സ്‌കൂള്‍ അധികൃതര്‍

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകനെതിരെ നടപടി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപ്പേട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സായി വികാസ് ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായ സിജു ജയരാജിനെതിരെയാണ് നടപടി. ഇയാള്‍ക്ക് പകരം പുതിയ അദ്ധ്യാപകനെ നിയമിച്ചതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സിജു സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ സിജു ജയരാജിനെതിരെ പോലീസ് പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

അതേസമയം തന്റെ ഫോണ്‍ ഹാക്ക് ചെയ്തു പ്രധാനമന്ത്രിക്കെതിരെ തെറ്റായ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് സിജു ജയരാജിന്റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിജു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.

Exit mobile version