‘വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധിക്കും വരെ ഞാന്‍ ചന്ദ്രദേവനോട് പ്രാര്‍ഥനയുമായി ഇവിടെ തന്നെ നില്‍ക്കും’ ; പാലത്തിന്റെ തൂണില്‍ കയറി നിന്ന് യുവാവിന്റെ പ്രകടനം

പ്രയാഗ്രാജ്: ഐഎസ്ആര്‍ഒ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ തൂണില്‍ കയറി നിന്ന് യുവാവിന്റെ പ്രകടനം. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ രജനികാന്താണ് ന്യൂ യമുന ബ്രിഡ്ജിന്റെ തൂണിന് മുകളില്‍ കയറി വിചിത്രമായ ആവശ്യം ഉന്നയിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം തുടരാനായാല്‍ മാത്രമേ താന്‍ തിരിച്ചിറങ്ങൂ എന്ന് യുവാവ് ഭീഷണി മുഴക്കി. യുവാവിന്റെ പ്രകടനം കണ്ട് പാലത്തിന് താഴെ ആളുകള്‍ തടിച്ചുകൂടി. താഴെയിറങ്ങാന്‍ അവര്‍ യുവാവിനെ പ്രേരിപ്പിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.

താന്‍ താഴെയിറങ്ങാന്‍ ഒരുക്കമല്ലെന്ന ഭീഷണിയുമായി മണിക്കൂറുകളോളമാണ് ഇയാള്‍ ഉയരമുള്ള തൂണില്‍ ചെലവിട്ടത്. പിന്നീട് ഇയാള്‍ ഇരുമ്പ് പാത്രത്തിലാക്കി ഒരു കുറിപ്പ് താഴേക്കിട്ടു കൊടുക്കുകയും ചെയ്തു.’ഐഎസ്ആര്‍ഒയ്ക്ക് ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ സാധ്യമാകുന്നത് വരെ ഞാന്‍ ചന്ദ്രദേവനോട് പ്രാര്ഥനയുമായി ഇവിടെ തന്നെ നില്‍ക്കും’. എന്നായിരുന്നു രജനികാന്ത് അതില്‍ കുറിച്ചത്.

പാലത്തിന് താഴെ തടിച്ചുകൂടിയ ആളുകളിലൊരാളാണ് ഇന്ത്യന്‍ പതാകയുടെ അടുത്ത് നില്ക്കുന്ന രജനീകാന്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതേ പാലത്തിന്റെ മുകളില്‍ കയറി രജനികാന്ത് ഇതിന് മുമ്പും പരിസ്ഥിതി സംരക്ഷണനടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രതിഷേധ പ്രകടനം.

Exit mobile version