മോഡിയെ രാഷ്ട്രപിതാവെന്ന് വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ; ജന്മദിനാശംസ നേർന്ന ട്വീറ്റിനെതിരെ രോഷം പുകയുന്നു

മോഡിയെ രാഷ്ട്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫഡ്‌നാവിസ് വിവാദത്തിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഷ്ട്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫഡ്‌നാവിസ് വിവാദത്തിൽ. മോഡിക്ക് ജന്മദിനാശംസകൾ നേർന്നുള്ള ട്വീറ്റിലായിരുന്നു വിവാദ പരാമർശം. ട്വീറ്റിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്ത് പ്രചോദനമായ രാജ്യത്തിന്റെ പിതാവിന് ജന്മദിനാശംസകൾ എന്നായിരുന്നു അമൃതയുടെ ട്വീറ്റ്. എന്നാൽ മോഡിയെ രാജ്യത്തിന്റെ പിതാവായി ഉയർത്തിക്കാണിക്കാനുള്ള സംഘപരിവാറിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് എൻസിപി വക്താവ് നവാബ് മാലിക് ഉൾപ്പടെയുള്ളവർ കുറ്റപ്പെടുത്തി. നേരത്തെ ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ മഹാത്മാ ഗാന്ധിക്ക് പകരം മോഡിയുടെ ചിത്രം നൽകിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അതേസമയം, അമൃതയുടെ ട്വീറ്റിന് ‘ഗാന്ധിജിയെ അറിയുമോ അദ്ദേഹമാണ് രാഷ്ട്രപിതാവെന്ന്’ നിരവധി ആളുകൾ മറുപടി നൽകുകയും ചെയ്തു. മോഡി രാജ്യത്തിന്റെ പിതാവായത് എപ്പോഴാണെന്നും നിരവധിപ്പേർ ചോദിക്കുന്നു. മോഡിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവർ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റർ ട്രെൻഡിങ്ങിലേക്ക് എത്തിയിരുന്നു.

Exit mobile version