രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സുപ്രീംകോടതി, ചില വിധികള്‍ തകര്‍ച്ചയ്ക്ക് വഴിവെച്ചു; ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകന്‍

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സാമ്പത്തിക പ്രതിസന്ധി സുപ്രീംകോടതിക്ക് മേല്‍ ചാര്‍ത്തിയത്.

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പ്രതിസന്ധിക്ക് കാരണമായ പല വാദങ്ങളും പല നേതാക്കളും ഇതിനോടകം നടത്തി കഴിഞ്ഞു. ഇപ്പോള്‍ പുതിയൊരു കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ. ഇന്ത്യയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സുപ്രീംകോടതിയെന്നാണ് അദ്ദേഹത്തിന്റെ വാദം.

സുപ്രീംകോടതിയുടെ ചില വിധികള്‍ തകര്‍ച്ചയ്ക്ക് വഴിവെച്ചുവെന്ന് ഹരീഷ് പറയുന്നത്‌. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സാമ്പത്തിക പ്രതിസന്ധി സുപ്രീംകോടതിക്ക് മേല്‍ ചാര്‍ത്തിയത്. 2012ല്‍ സുപ്രീംകോടതിയുടെ ടുജി സ്പെക്ട്രം വിധിയാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വിധി വന്നതോടെ ഒറ്റയടിക്ക് 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കി. സുപ്രീംകോടതിയെ ഇക്കാര്യത്തില്‍ ഞാന്‍ സ്പഷ്ടമായി കുറ്റപ്പെടുത്തുന്നുവെന്നും ഹരീഷ് സാല്‍വെ കൂട്ടിച്ചേര്‍ത്തു.

ടുജി ലൈസന്‍സുകള്‍ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസന്‍സ് ഒന്നടങ്കം റദ്ദാക്കിയപ്പോള്‍ നിക്ഷേപം നടത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടമുണ്ടായി. ഇന്ത്യന്‍ പങ്കാളി ഉണ്ടെങ്കില്‍ മാത്രമേ വിദേശികള്‍ക്ക് നിക്ഷേപം നടത്താനാകൂ എന്നാണ് നിയമം. ഇന്ത്യന്‍ പങ്കാളിക്ക് എങ്ങനെയാണ് ലൈസന്‍സ് ലഭിച്ചതെന്ന് വിദേശികള്‍ക്ക് അറിയണമെന്നില്ല. പേനയെടുത്ത് സുപ്രീംകോടതി ഒറ്റവെട്ട് വെട്ടിയപ്പോള്‍ വിദേശികള്‍ നിക്ഷേപിച്ച കോടിക്കണക്കിന് ഡോളറാണ് ഇല്ലാതായതെന്നും സാല്‍വെ തുറന്ന് പറഞ്ഞു.

അതുപോലെ തന്നെ, കല്‍ക്കരി ഖനി അഴിമതി കേസിലും കോടതി ഇടപെട്ടു. ഒറ്റയടിക്ക് സകല അനുമതികളും റദ്ദാക്കി. കല്‍ക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം നഷ്ടപ്പെട്ടു. ഇതോടെ എന്താണുണ്ടായത്? ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിയമങ്ങള്‍ ലളിതമാക്കി നിക്ഷേപകരെ അവിടേക്ക് ആകര്‍ഷിച്ചു. സാല്‍വെ പറയുന്നു. കൂടാതെ ഗോവയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി റദ്ദാക്കിയതും മണ്ടത്തരമായിരുന്നുവെന്ന് സുപ്രീംകോടതിയെ വിമര്‍ശിച്ചു.

Exit mobile version